കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവ ദർശനങ്ങളിൽ അധിഷ്ഠിതമായ ജീവിതം ചിട്ടപ്പെടുത്താൻ പുതിയ തലമുറ തയ്യാറാകണമെന്ന് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ശാഖാഭാരവാഹികൾക്കും യൂത്ത് മൂവ്മെന്റ് വനിതാ സംഘം ഭാരവാഹികൾക്കുമായി സംഘടിപ്പിച്ച ഏകദിന പഠന ക്ലാസ് യൂണിയൻ ഒാഡിറ്രോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതി നടേശൻ. നാണുവിൽ നിന്ന് നാരായണനിലേക്കുള്ള ശ്രീനാരായണ ഗുരുദേവന്റെ പരിവർത്തനം വളർന്ന് വരുന്ന തലമുറയ്ക്ക് മനസിലാക്കി കൊടുക്കേണ്ടതുണ്ട്. ഇതിനായി യൂണിയനുകളും പോഷക സംഘടനകളും താഴെത്തട്ടിലേക്ക് ഇറങ്ങി സമുദായ പ്രവർത്തനം നടത്തണം. ഗുരു ഒരു സമുദായത്തിന്റെ മാത്രം സ്വത്തല്ലെന്ന വസ്തുത പൊതുസമൂഹം മനസിലാക്കണം. ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ ജാതിക്കും കക്ഷി രാഷ്ട്രീയങ്ങൾക്കും അതീതമാണെന്നും പ്രീതി നടേശൻ വ്യക്തമാക്കി. തുടർന്ന് ഗുരുദേവ ദർശനങ്ങളെ കുറിച്ച് കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റെസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി. മന്മഥൻ എന്നിവർ ക്ലാസെടുത്തു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ. സോമരാജൻ ആമുഖ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, യോഗം ബോർഡ് മെമ്പർമാരായ കെ.പി. രാജൻ, കെ.ജെ. പ്രസേനൻ, യൂണിയൻ കൗൺസിലർമാരായ എല്ലയ്യത്ത് ചന്ദ്രൻ, കള്ളേത്ത് ഗോപി, എം. ചന്ദ്രൻ, ബി. കമലൻ, കുന്നേൽ രാജേന്ദ്രൻ, ക്ലാപ്പന ഷിബു, വനിത സംഘം നേതാക്കളായ മണിയമ്മ, മധുകുമാരി, സ്മിത എന്നിവർ പങ്കെടുത്തു. ശാഖകളിൽ നിന്ന് 250 ഓളം ഭാരവാഹികൾ പഠന ക്ലാസിൽ പങ്കെടുത്തതായി യൂണിയൻ പ്രസിഡന്റ് കെ. സുശീലനും സെക്രട്ടറി എ. സോമരാജനും അറിയിച്ചു.