കൊല്ലം: സഹോദരന്റെ ഭാര്യ നൽകിയ പരാതിയിൽ പ്രവാസിയെ അറസ്റ്റ് ചെയ്‌ത് വിലങ്ങണിയിച്ച ചിത്രം വനിതാ പൊലീസ് ഓഫീസർ പകർത്തി സാമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവം അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. ഡിവൈ. എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിച്ച് നാലാഴ്‌ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അംഗം കെ.മോഹൻകുമാർ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. രവാസിയായ പരവൂർ സ്വദേശി പ്രശാന്ത് സി. നായർ നൽകിയ പരാതിയിൽ പരവൂർ പൊലീസിനെതിരെയാണ് അന്വേഷണം.
പരാതിയുടെ അടിസ്ഥാനത്തിൽ പരവൂർ സി.ഐയിൽ നിന്ന് തേടിയ റിപ്പോർട്ട് കമ്മിഷൻ തള്ളി. രാത്രിയിൽ വീട്ടിൽ കയറിയാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്‌തത്. വിലങ്ങണിയിച്ച ശേഷം സംഘത്തിലുണ്ടായ പൊലീസുകാരി പ്രശാന്തിന്റെ ചിത്രം പകർത്തി പലർക്കും അയച്ചു. സ്റ്റേഷനിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനും ഭക്ഷണം കഴിക്കാനും അവസരം നൽകിയില്ലെന്നുമാണ് പരാതി. പരാതിയിലെ പ്രസക്തമായ കാര്യങ്ങളിൽ സി.ഐ സമർപ്പിച്ച റിപ്പോർട്ട് മൗനം പാലിച്ചുവെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ.
പരവൂർ പോലീസ് മനുഷ്യാവകാശ ലംഘനം നടത്തിയോ എന്ന് സ്റ്റേഷൻ രേഖകൾ വിലയിരുത്തി പരിശോധിക്കണമെന്നും ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. കേസ് നാളെ (തിങ്കൾ) കൊല്ലം സിറ്റിംഗിൽ പരിഗണിക്കും .
ആശ്രാമം ഗസ്റ്റ് ഹൗസിൽ നാളെ സിറ്റിംഗ്
മനുഷ്യാവകാശ കമ്മീഷൻ അംഗം ഡോ.കെ.മോഹൻകുമാർ നാളെ രാവിലെ 10.30ന് കൊല്ലം ഗവ.ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും