cashew

20ശതമാനം ബോണസ്  അര ശതമാനം എക്സ്ഗ്രേഷ്യ, 9,500 രൂപ ഓണം അഡ്വാൻസ്

കൊല്ലം: കശുഅണ്ടി തൊഴിലാളികളുടെയും സ്റ്റാഫിന്റെയും ബോണസ് മന്ത്റി ജെ. മേഴ്സിക്കുട്ടി അമ്മയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ തിരുവനന്തപുരത്ത് കൂടിയ ഐ.ആർ.സി യോഗത്തിൽ തീരുമാനമായി. 20ശതമാനം ബോണസും അര ശതമാനം എക്സ്ഗ്രേഷ്യയും 9,500 രൂപ ഓണ അഡ്വാൻസുമാണ് തൊഴിലാളികൾക്ക് ലഭിക്കുക. എന്നാൽ ഐ.എൻ.ടി.യു.സി, യു.ടി.യു.സി, ബി.എം.എസ് ട്രേഡ് യൂണിയനുകൾ തീരുമാനം അംഗീകരിക്കാതെ യോഗം ബഹിഷ്കരിച്ചു.

തൊഴിലാളികൾക്ക് 100 രൂപ തിരിച്ചുപിടിയ്ക്കുന്ന അഡ്വാൻസായും തിരുവോണം, ആഗസ്റ്റ് 15 എന്നീ ദിവസങ്ങളിലെ അവധി ശമ്പളവും ലഭിക്കും. കാഷ്യു കോർപ്പറേഷൻ, കാപ്പക്സ് ഫാക്ടറി സ്റ്റാഫുകൾക്ക് കഴിഞ്ഞവർഷം നൽകിയത് പോലെ മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുകയ്ക്കൊപ്പം 12 ദിവസത്തെ ശമ്പളം കൂടി ലഭിക്കും.

സ്വകാര്യ മേഖലയിലെ സ്റ്റാഫുകൾക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസായി ലഭിക്കും. എന്നാൽ മുൻ വർഷങ്ങളിലെ പോലെ 20 ശതമാനം ബോണസും രണ്ടര ശതമാനം എക്സ് ഗ്രേഷ്യ ബോണസും ലഭിക്കണമെന്നും സ്റ്റാഫിന് മൂന്ന് മാസം 15 ദിവസത്തെ ശമ്പളത്തിനും തുല്യമായ തുക ലഭിക്കണമെന്നും ഐ.ആർ.സി. അംഗങ്ങളായ എ.എ. അസീസ് (യു.ടി.യു.സി), എസ്. ശ്രീകുമാർ, കല്ലട കുഞ്ഞുമോൻ (ഐ.എൻ.​ടി.യു.സി), ശിവജി സുദർശൻ (ബി.എം.എസ്) എന്നിവർ ആവശ്യം ഉന്നയിച്ചെങ്കിലും അത് അംഗീകരിക്കാൻ മന്ത്രിയും ഭരണപക്ഷ യൂണിയനുകളും തയ്യാറായില്ല. തുടർന്ന് ഇവർ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളായ കെ. രാജഗോപാൽ, കെ. തുളസീധരൻ, തുളസീധരകുറുപ്പ്, കരിങ്ങന്നൂർ മുരളി, എ. ഫസലുദ്ദീൻ ഹക്ക്, ജി. ലാലു, എ.എ. അസീസ്, ശിവജി സുദർശനൻ, കല്ലട കുഞ്ഞുമോൻ, ശ്രീകുമാർ തുടങ്ങിയവരും വ്യവസായി പ്രതിനിധികളായ ബാബു ഉമ്മൻ, ജോബ്രാൻ വർഗീസ്, അബ്ദുൽസലാം, ജെയ്സൺ ഉമ്മൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.