sree
ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗല്യ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓ.രാജഗോപാൽ എം.എൽ.എയുടെ നവതി ആദരവ് ചടങ്ങിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി. എസ് ശ്രീധരൻപിള്ളയും, ജില്ലാ സെക്രട്ടറി ജി.ഗോപിനാഥും ചലച്ചിത്ര നടൻ ജി.കെ പിള്ളയും ചേർന്ന് ഉപഹാരം നൽകുന്നു

 ഒ.രാജഗോപാൽ എം.എൽ.എ യുടെ നവതിയുടെ ഭാഗമായി ആദരവ് സമ്മേളനം

കൊല്ലം: കേരളത്തിൽ ഒട്ടേറെ കോൺഗ്രസുകാർ ബി.ജെ.പിയിൽ ചേരാൻ തയ്യാറായി നിൽക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ഒ. രാജഗോപാൽ എം.എൽ.എയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആദരവ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസാദ്ധ്യം എന്ന വാക്ക് കേരളത്തിലെ ബി.ജെ.പിക്കില്ല. കഴിഞ്ഞ ദിവസം സി.എസ്.ഐ സഭയുടെ ട്രസ്റ്റി ബി.ജെ.പിയിൽ ചേർന്നു. 9 ലക്ഷത്തോളം പുതിയ അംഗങ്ങൾ കേരളത്തിലെ ബി.ജെ.പിക്കുണ്ടായി. ഒരു ലക്ഷത്തോളം പേർ മിസ്ഡ് കോളിലൂടെയാണ് അംഗത്വം എടുത്തത്.

സത്യം, ധർമ്മം എന്നിവയിൽ നിന്ന് വ്യതിചലിക്കാത്ത രാഷ്ട്രീയ പ്രവർത്തനമാണ് ഒ.രാജഗോപാൽ നടത്തുന്നത്. അദ്ദേഹം രാജ്യസഭാംഗം ആയ ഘട്ടത്തിൽ, പി. പരമേശ്വരനെ രാജ്യസഭാംഗമാക്കാനാണ് കേന്ദ്ര നേതൃത്വം ഉൾപ്പെടെ ഏകകണ്ഠമായി നിർദ്ദേശിച്ചത്. തനിക്ക് താൽപ്പര്യമില്ലെന്നും രാജഗോപാലിനെ രാജ്യസഭാ പ്രതിനിധി ആക്കണമെന്നും നിർദ്ദേശിച്ചത് പി. പരമേശ്വരനാണെന്നും പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ട്രഷറർ എം.എസ്. ശ്യാംകുമാർ, കെ.വി. സാബു, നടൻ ജി.കെ. പിള്ള, വി. മുരളീധരൻ, കെ. ശിവദാസൻ, തുരുത്തിക്കര രാമകൃഷ്‌ണപിള്ള, ബി. രാധാമണി, വെള്ളിമൺ ദിലീപ് തുടങ്ങിയവർ പ്രസംഗിച്ചു.