കുണ്ടറ: ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാല പ്രതിരോധ ചികിത്സാ പ്രവർത്തനങ്ങളുടെ ഭാഗമായി ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും സംഘടിപ്പിച്ചു. പെരുമ്പുഴ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈല മധു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ദുഗോപൻ, ഗ്രാമപഞ്ചായത്ത് അംഗം കെ.പി. രഞ്ജിനി, സെക്രട്ടറി സ്റ്റീഫൻ മോത്തിസ് എന്നിവർ സംസാരിച്ചു. ഡോ. സോഹറാ ബായി, ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ഷീജ തുടങ്ങിയവർ നേതൃത്വം നൽകി.