praveen-25

പുനലൂർ: മലയോര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പുനലൂർ-അഞ്ചൽ പാതയിലെ തൊളിക്കോട് കലുങ്ക് നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികരായ മറ്റ് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

കരവാളൂർ നിലമ്മാൾ പ്രവീൺ ഭവനിൽ പ്രകാശ് - നിഷ ദമ്പതികളുടെ മകൻ പ്രവീണാണ് (25) മരിച്ചത്. സുഹൃത്തുക്കളായ കരവാളൂർ കെ.ബി.ആർ ഭവനിൽ അനന്ദു(24), കരവാളൂർ കോപ്പാറ വീട്ടിൽ വിഷ്ണു (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി 10.30ഓടെ തൊളിക്കേട് ഫയർ സ്റ്റേഷന് മുന്നിലായിരുന്നു അപകടം. പുനലൂരിൽ നിന്ന് കരവാളൂരിലേക്ക് ബൈക്കിൽ യാത്ര ചെയ്തിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ ഫയർഫോഴ്സിന്റെ സഹായത്തോടെ പുനലൂർ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെ‌ഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ പ്രവീൺ മരിക്കുകയായിരുന്നു.