മാള: അഡാക്കിന്റെ കീഴിലുള്ള പൊയ്യയിലെ ഫിഷ് ഫാമിനെ നശിപ്പിക്കുന്ന നടപടികൾക്ക് മാനേജ്‌മെന്റ് കൂട്ടുനിൽക്കുന്നതായി തൊഴിലാളികൾ. ഫാം വികസനത്തിന്റെ പേരിൽ കുളങ്ങൾ നശിപ്പിക്കുകയാണെന്നാണ് ആരോപണം. പ്രളയശേഷം ഭീമനഷ്ടം നേരിടുമ്പോഴും കൂടുതൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനും കൃഷി വ്യാപിപ്പിക്കാനും ശ്രമം നടത്തിയിട്ടില്ല.

പ്രളയത്തിൽ ഉൾപ്പെടെ ഒന്നേകാൽ കോടി രൂപയുടെ നഷ്ടമാണ് ഒരു വർഷത്തിനിടെ സംഭവിച്ചത്. പ്രളയത്തിൽ സംഭവിച്ച ഒരു കോടിയുടെ നഷ്ടം പരിഹരിക്കാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല. താത്കാലികമായി കുളങ്ങൾ ഒരുക്കിയതല്ലാതെ ഒരു വർഷത്തിനകം കൃഷി നടത്താൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ നടക്കുന്ന നിർമ്മാണം സംബന്ധിച്ചും ആക്ഷേപമുണ്ട്.

ഫാമിന്റെ സാദ്ധ്യത തിരിച്ചറിഞ്ഞ് കൃഷി വ്യാപിപ്പിക്കാൻ നടപടിയെടുക്കാതെ തൊഴിലാളികളെ മറ്റിടങ്ങളിലേക്ക് സ്ഥലംമാറ്റുന്നുവെന്നും പരാതിയുണ്ട്. കുളങ്ങളിൽ നിന്ന് ചെളിയെടുത്താണ് ബണ്ടുകൾ ബലപ്പെടുത്തുന്നതെന്നും ഇത് കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്ക ഉയരുന്നു. കരിമീൻ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഹാച്ചറിയുണ്ടെങ്കിലും പൂർണ തോതിൽ ഉപയോഗിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.

പ്രളയശേഷം ഇപ്പോൾ രണ്ട് മാസം മുൻപ് മാത്രമാണ് പൂമീൻ കുഞ്ഞുങ്ങളെ കൃഷി ചെയ്തിട്ടുള്ളത്. ഫാമിന്റെ ശേഷിയുടെ ചെറിയ ശതമാനം മാത്രമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഫാമിലെ 24 കുളങ്ങളിൽ പത്തെണ്ണം ബലപ്പെടുത്തുന്ന നടപടികളാണ് നടക്കുന്നത്. കുളത്തിന്റെ ആഴം പലയിടത്തും വ്യത്യസ്തമാണെന്നത് തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക.

പരാതിപ്രളയം

കർഷകർക്ക് കുറഞ്ഞ നിരക്കിൽ മത്സ്യക്കുഞ്ഞുങ്ങളെ നൽകാൻ നടപടിയില്ല

ഞണ്ട് കൃഷി വീണ്ടും തുടങ്ങണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല

ഫാമിലെ വലിയ തൂമ്പുകൾ ദിവസവും പ്രവർത്തിപ്പിക്കാൻ നടപടിയില്ല

ഫാമിൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കണമെന്ന ആവശ്യം നടപ്പായില്ല

പ്രളയശേഷമുണ്ടായ നഷ്ടം നികത്താൻ സർക്കാരിൽ നിന്ന് നടപടിയില്ല

പൂമീൻ കുഞ്ഞുങ്ങൾക്ക് ക്ഷാമമുണ്ട്, കുളങ്ങളിലെ ആഴം വർദ്ധിപ്പിക്കുന്നത് പൂർണമായിട്ടില്ല. ഞണ്ട് കൃഷി ലാഭകരമല്ലായിരുന്നു. തൊഴിലാളികളുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. കുളങ്ങളുടെ ആഴം കുറ്റമറ്റ രീതിയിൽ മാത്രമേ പൂർത്തിയാക്കൂ. സ്ഥലം മാറ്റിയ തൊഴിലാളികളെ ഫാം പൂർണ സജ്ജമാകുമ്പോൾ തിരികെ കൊണ്ടുവരും.

-സതീഷ്‌കുമാർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ (പൊയ്യ ഫിഷ് ഫാം മാനേജർ)