ശോചനീയാവസ്ഥയിലായ നായാടി കോളനിയിലെ ഒരു വീട്
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പ് നായാടി കോളനിയിലെ വീടുകളുടെ പുനർ നിർമ്മാണത്തിന് സർക്കാർ അനുവദിച്ച ഫണ്ട് ലഭിച്ചില്ല. അധികൃതരുടെ അവഗണനക്കെതിരെ കളക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരത്തിനൊരുങ്ങുകയാണ് നായാടി കുടുംബങ്ങൾ. നായാടി കോളനിയിലെ 12 കുടുംബങ്ങളാണ് വീടുകളുടെ ശോചനീയാവസ്ഥ മൂലം ദുരിതം പേറി കഴിയുന്നത്.
അറ്റകുറ്റപണികൾക്കായി സംസ്ഥാന സർക്കാർ പല പദ്ധതികളും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അത് കടലാസിൽ മാത്രമായി ഒതുങ്ങുകയാണെന്നാണ് ആരോപണം. 2008ൽ ജില്ലാ കളക്ടറായിരുന്ന വി.കെ. ബേബിയുടെ പ്രത്യേക താൽപര്യ പ്രകാരം നിർമ്മിച്ച വീടുകളിലാണ് നായാടി കുടുംബങ്ങൾ കഴിയുന്നത്. കാലപ്പഴക്കവും നിർമ്മാണത്തിലെ അപാകതയും കൊണ്ട് വീടുകൾ വിണ്ടും പൊട്ടിയും ചോർന്നൊലിച്ചും വാസയോഗ്യമല്ലാതായി തീർന്നിരിക്കുകയാണ്. പട്ടിക ജാതി ദുർബല വിഭാഗത്തിൽപ്പെടുത്തി വീടുകളുടെ അറ്റകുറ്റപണികൾക്കായി 60 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും പദ്ധതി ഇതുവരേയും നടപ്പിലാക്കിയിട്ടില്ല.
....................................
സ്വയം തൊഴിലിന് സഹായം നൽകുക, വീട് താമസയോഗ്യമാക്കുക, ചികിത്സാ സഹായം നൽകുക, പൊതുശ്മശാനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ഗോത്രവർഗ കമ്മീഷനും സർക്കാരിന്റെ വിവിധ വിഭാഗങ്ങൾക്കും 2016 മുതൽ നിവേദനങ്ങൾ നൽകി വരുന്നുണ്ട്. എന്നാൽ ഇതുവരേയും അനുകൂല നടപടികൾ കൈക്കൊണ്ടിട്ടില്ല.
- നായാടി കുടുംബങ്ങൾ