തൃശൂർ : ചാവക്കാട് കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് നൗഷാദിൻ്റെ കൊലപാതകത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ ആവശ്യപ്പെട്ടു. എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് പി.എസ്.സി ഇറക്കിയ മുഴുവൻ റാങ്ക് ലിസ്റ്റുകളെക്കുറിച്ചും സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിന് മുന്നിൽ ജില്ലാ കമ്മിറ്റി നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതി ആക്ഷേപം മൂലം പൊലീസ് സേനാംഗങ്ങൾ പോലും ആത്മഹത്യ ചെയ്യുന്ന കാലം മുമ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് പി.എം. ഏലിയാസ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പ്രൊഫ. ജോണി സെബാസ്റ്റ്യൻ, ബാബു വലിയവീടൻ, കെ.ആർ. ഗിരിജൻ, ടി.എം. ദിവാകരൻ, സോളമൻ കൊളപ്പാറ, വസന്തൻ ചിയ്യാരം, പോൾസൺ ആലപ്പാട്ട്, സി.കെ. ശോഭകുമാർ, ഷാജു വടക്കൻ, ജോൺ ആടുപാറ തുടങ്ങിയവർ പ്രസംഗിച്ചു.