നടപടി ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്
തൃശൂർ: സ്‌കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് ഒരിടവേളയ്ക്ക് ശേഷം ലഹരി മിഠായികളുടെയും ഗുണനിലവാരമില്ലാത്ത അച്ചാറുകളുടെയും വിൽപ്പന തകൃതി. രക്ഷാകർത്താക്കൾ, സ്‌കൂൾ അധികൃതർ എന്നിവരുടെ പരാതിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പും എക്‌സൈസ് ഡിപ്പാർട്ട്‌മെന്റും സംയുക്ത പരിശോധന ആരംഭിച്ചു.
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നതാണ് ഇവയെന്ന് പരിശോധനയിൽ കണ്ടെത്തി. ജീരകമിഠായിക്ക് സമാനമാണ് ലഹരിമിഠായിയുടെ രൂപകൽപ്പന. കോലുമിഠായിയുടെ രൂപത്തിലുള്ളതിലും ലഹരിയുണ്ട്. രണ്ടു മാസം മുമ്പ് എറണാകുളം കുറുപ്പംപടിയിലുള്ള സ്‌കൂളിലെ വിദ്യാർത്ഥികളിൽ ഭക്ഷ്യവിഷബാധയുണ്ടാക്കിയത് ഇത്തരം കോലുമിഠായിയായിരുന്നു. പുകരഹിത പുകയില ഉത്പന്നങ്ങൾ നിരോധിച്ചതിനു പിറകെയാണ് ലഹരിമിഠായികൾ വിപണിയിലെത്തിയത്.
ചെറിയ പാക്കറ്റുകളിലാക്കി ഒരു രൂപ മുതൽ അഞ്ചു രൂപവരെ ഈടാക്കിയാണ് അച്ചാറുകളുടെ വില. തൃശൂർ നഗരം, ഒല്ലൂർ എന്നിവിടങ്ങളിലായിരുന്നു ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ ജി. ജയശ്രീയുടെ നിർദ്ദേശാനുസരണം ഫുഡ് സേഫ്റ്റി ഓഫീസർമാരായ വി.കെ. പ്രദീപ്കുമാർ എ.കെ. അനിലൻ എന്നിവരുടെ നേതൃത്വത്തിൽ പരിശോധിച്ചത്. കൃത്യമായ പാക്കിംഗും ലേബലിംഗും ഇല്ലാതെ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയവർക്കും രജിസ്‌ട്രേഷനോ, ലൈസൻസോ എടുക്കാത്ത സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി.
പരാതി ഇങ്ങനെ,
പ്രത്യേക തരം മിഠായി കഴിക്കുന്ന കുട്ടികളിൽ ചില അസ്വസ്ഥതകൾ അനുഭവപ്പെടും. ചിലർ കുറച്ചു നേരത്തേക്ക് മയക്കത്തിലാകും. മറ്റു ചിലർക്ക് കഠിന തലവേദനയാണ് ഫലം.
ലഹരി മിഠായികൾ
ലിപ്‌സ്റ്റിക്, പെൻ തുടങ്ങി കുട്ടികളെ ആകർഷിക്കുന്ന വിവിധ രൂപങ്ങളിലാണ് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഹാനികരമാവുന്നതും ലഹരിക്ക് അടിമകളാക്കുന്നതുമായ മിഠായികൾ എത്തുന്നത്. രുചിയുണ്ടെങ്കിലും കുട്ടികളിൽ ഭാവിയിൽ കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾക്ക് ഇതു കാരണമാകാം.
അച്ചാറുകളിലെ നാരങ്ങ ജ്യൂസ് കടയിലേത്
ജ്യൂസ് കടകളിലെ ഉപയോഗത്തിന് ശേഷം ഉപേക്ഷിക്കുന്ന നാരങ്ങ ശേഖരിച്ച് ഉപ്പിട്ട് വച്ച ശേഷം കളറും കേടുകൂടാതിരിക്കാൻ രാസവസ്തുക്കളും ചേർത്താണ് സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ തമിഴ്‌നാട് ലോബി അച്ചാർ പാക്കറ്റുകൾ എത്തിക്കുന്നത്. ജ്യൂസ് കടകളിൽ നിന്ന് നാരങ്ങ പലരും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഉപേക്ഷിക്കാറ്. ഇവിടെ നിന്ന് ശേഖരിച്ച് കഴുകിയാണ് ഉപ്പിടുന്നതെങ്കിലും ഇതുപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ നിരവധിയാണ്. കളറും രാസപദാർത്ഥങ്ങളും ഉപയോഗിക്കുന്നത് കാൻസറിന് വരെ കാരണമായേക്കാം.
- വി.കെ. പ്രദീപ് കുമാർ (ഫുഡ് സേഫ്റ്റി ഓഫീസർ)