തൃശൂർ: ജില്ലയിലും സമീപ ജില്ലകളിലും ഡിഫ്ത്തീരിയ (തൊണ്ട മുള്ള് ) റിപ്പോർട്ട് ചെയ്തതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. എല്ലാ ഗർഭിണികൾക്കും 16 വയസ് വരെയുള്ള കുട്ടികൾക്കും കേന്ദ്രസർക്കാർ നിദ്ദേശിച്ചിട്ടുള്ള പ്രതിരോധ ചികിത്സ (വാക്‌സിനേഷൻ) നൽകണം. അതിനു വേണ്ട എല്ലാ വാക്‌സിനുകളും എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണു്. വാക്‌സിനേഷൻ തുടങ്ങിയതിനു ശേഷം മുടങ്ങിയിട്ടുള്ളവർ ആരോഗ്യ സ്ഥാപനത്തിലെത്തി വാക്‌സിനേഷൻ പുനരാരംഭിക്കണം. വായുവിലൂടെ പകരുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ രോഗം മറ്റുള്ളവരിലേക്ക് പകരുവാനുള്ള സാദ്ധ്യത കൂടുതലാണ്.
ശ്രദ്ധിക്കാൻ
രോഗാണു ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 5 ദിവസത്തിനകം ലക്ഷണങ്ങൾ തുടങ്ങും
പനി, തൊണ്ടവേദന, ശ്വാസതടസ്സം, ക്ഷീണം എന്നിവ കണ്ടാൽ ഡോക്ടറെ കാണുക
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക, രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക
രോഗി ഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം
കുട്ടികളിൽ രോഗലക്ഷണം കാണുകയാണെങ്കിൽ സ്‌കൂളിൽ പോകുന്നത് ഒഴിവാക്കുക