തൃശൂർ: മാർഗി സതി ആട്ടപ്രകാരം എഴുതി ചിട്ടപ്പെടുത്തിയ ശ്രീരാമചരിതം നങ്ങ്യാരമ്മക്കൂത്തിന്റെ സമ്പൂർണാവതരണം നാളെ മുതൽ തൃശൂർ തെക്കെ സ്വാമിയാർമഠത്തിൽ ആരംഭിക്കും. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചകളിലാണ് അവതരണം. 40 അവതരണങ്ങളിലൂടെ നങ്ങ്യാരമ്മക്കൂത്ത് പൂർണമാകും. സീതയായി കലാമണ്ഡലം സിന്ധു അരങ്ങിലെത്തും. കലാമണ്ഡലം ജയരാജ്, കലാമണ്ഡലം മണികണ്ഠൻ, കലാമണ്ഡലം വിജയ്, കലാമണ്ഡലം രാഹുൽ (മിഴാവ്), കലാനിലയം രാജൻ (ഇടക്ക), കലാമണ്ഡലം നില, കലാമണ്ഡലം അശ്വതി (താളം) എന്നിവർ അകമ്പടിയാകും. നാളെ 5.30നു മാർഗി സതി അനുസ്മരണത്തോടെ ചടങ്ങ് ആരംഭിക്കും. ഡോ. പി. വേണുഗോപാലൻ, ഡോ. എൻ.ആർ. ഗ്രാമപ്രകാശ് എന്നിവർ പ്രഭാഷണം നടത്തും. 6.30നു കൂത്ത് ആരംഭിക്കും. നാലിന് വൈകിട്ട് ആറിന് നിർവഹണാരംഭവും ഉണ്ടാകുമെന്നു കലാമണ്ഡലം സിന്ധു, കലാമണ്ഡലം സജിത് വിജയൻ എന്നിവർ പറഞ്ഞു.