തൃശൂർ: പട്ടാളക്കാരനാണെന്ന് പറഞ്ഞ് ക്യാമ്പിലെ പട്ടാളക്കാർക്ക് ഭക്ഷണം ഏതെങ്കിലും കൊള്ളാവുന്ന ഹോട്ടലിൽ ഫോണിൽ വിളിച്ച് ഹിന്ദിയിൽ ഒാർഡർ ചെയ്യും. എന്നിട്ട് ഭക്ഷണം എടുക്കാൻ ചെല്ലത്തില്ല. അപ്പോൾ ഹോട്ടലുടമ തിരിച്ച് വിളിക്കും. തിരക്കാണെന്നും വേറൊരാളെ ഭക്ഷണം എടുക്കാൻ അയയ്ക്കാമെന്നും ബാങ്ക് അക്കൗണ്ട് വാട്ട്സ് ആപ്പ് വഴി നൽകിയാൻ പണം ഒാൺലെെനായി ഇപ്പോൾ തന്നെ തരാമെന്നും പറയും. കുറച്ചു സമയം കഴിഞ്ഞ് വിളിച്ച് സാങ്കേതിക തടസം പറഞ്ഞ് സൂത്രത്തിൽ എ.ടി.എം വിവരങ്ങളും പാസ് വേർഡും മനസിലാക്കും. അതോടെ ഹോട്ടലുടമയുടെ പണവും പോകും ഭക്ഷണവും വേസ്റ്റാകും. ഇത്തരത്തിൽ തൃശൂർ, പെരുമ്പിലാവ്, ചാലക്കുടി തുടങ്ങിയ നിരവധി സ്ഥലങ്ങളിലെ ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ ഉത്തർപ്രദേശ് മഥുര ബിഷംഭര ഗ്രാമത്തിലെ ദിൽബാഗ് (23) അറസ്റ്റിലായി. സിറ്റി പൊലീസ് കമ്മിഷണർ യതീഷ്ചന്ദ്ര രൂപീകരിച്ച പ്രത്യേക സംഘമാണ് പ്രതിയെ സാഹസികമായി അയാളുടെ ഗ്രാമത്തിലെത്തി പിടികൂടിയത്.
ഇങ്ങനെ തട്ടിപ്പ് നടത്തുന്ന ഒരു സംഘത്തിന്റെ തലവനാണ് ഇയാളെന്നും സംശയിക്കുന്നു.തൃശൂരിലെ ഹോട്ടൽ ഉടമയുടെ അക്കൗണ്ടിൽ നിന്ന് അമ്പതിനായിരം രൂപയാണ് പോയത്.
ഇയാളുടെ ഗ്രാമത്തിലെ ഭൂരിഭാഗം പേർക്കും നാടൻതോക്കുകൾ പോലുള്ള ആയുധങ്ങളുണ്ട്. കച്ചവടക്കാരെന്ന വ്യാജേന വേഷപ്രച്ഛന്നരായാണ് സിറ്റി പൊലീസിലെ ടീമംഗങ്ങൾ ഗ്രാമത്തിലെത്തി പ്രതിയെ കുടുക്കിയത്. തൃശൂർ എ.സി.പി വി.കെ. രാജു, ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി സി.ഡി. ശ്രീനിവാസൻ, സബ് ഇൻസ്പെക്ടർമാരായ പി.എം. വിനോദ്, അനിൽകുമാർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.