പാവറട്ടി: വർഷങ്ങളായി മാലിന്യം നിറഞ്ഞ് കിടന്നിരുന്ന പാവറട്ടി കടാംകുളത്തിന് ശാപമോക്ഷമായി. പുളിഞ്ചേരിപ്പടി ഇറച്ചിക്കട റോഡിലാണ് കടാംകുളം സ്ഥിതി ചെയ്യുന്നത്. വിളക്കാട്ടുപടം ദേവസൂര്യകലാവേദി പബ്ലിക് ലൈബ്രറിയിലെ പതിനഞ്ചോളം യുവതീ യുവാക്കളാണ് എട്ടു മണിക്കൂർ നീണ്ട ശ്രമദാനത്താൽ കുളം ശുചീകരിച്ചത്. നെഹ്‌റു യുവകേന്ദ്രയുടെ സ്വച്ച് ഭാരത് സമ്മർ ഇന്റേഷൻഷിപ്പിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
മദ്യ കുപ്പികൾ, ഇൻജക്ഷൻ സൂചികൾ, തെർമ്മോക്കോൾ, നൂറുകണക്കിന് ഡയപ്പർ ചാക്കുകൾ, റ്റൂബ് ലൈറ്റുകൾ, എൽഇഡി ബൾബുകൾ, ഗർഭനിരോധന ഉറകൾ അടക്കം ഒരു ടണ്ണിലധികം മാലിന്യമാണ് കരക്ക് കയറ്റിയത്. കുപ്പിച്ചില്ലുകൾ തട്ടി സന്നധ സേവകർക്ക് പരിക്കേൽക്കുകയും ചെയ്തു.
കേസിൽ ഉൾപ്പെട്ട സ്ഥലമായതിനാൽ സ്വകാര്യ വ്യക്തി പഞ്ചായത്തിനു വിട്ടുകൊടുത്തിട്ടും സ്ഥലം ഏറ്റെടുക്കാനാവാത്ത അവസ്ഥയിലാണ് പാവറട്ടി പഞ്ചായത്ത്. പന്ത്രണ്ട് സെന്റിലധികം വിസ്തീർണ്ണമുള്ള കുളം നിയമ തടസങ്ങൾ മാറ്റി പഞ്ചായത്ത് ഏറ്റെടുത്ത് നീന്തൽകുളമാക്കണമെന്ന് ദേവസൂര്യ ഭാരവാഹികൾ ആവശ്യപ്പെട്ടു.
പാവറട്ടി പഞ്ചായത്ത് മെമ്പർ വിമല സേതുമാധവൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എ.ജി ഷെറി, വി.ജെ ജോബി, കുന്നംകുളം ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ, പൊതു പ്രവർത്തകൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു. ദേവസൂര്യ ഭാരവാഹികൾ ശുചീകരണത്തിന് നേതൃത്വം നൽകി.