noushad-assassination
രമേശ് ചെന്നിത്തല മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു

ചാവക്കാട്: നൗഷാദിന്റെ കൊലപാതകം എസ്.ഡി.പി.ഐ നടത്തിയ ആസൂത്രിത കൊലയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നൗഷാദിന്റെ പുന്നയിലുള്ള വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആക്രമണത്തിന് പിന്നിൽ എസ്.ഡി.പി.ഐ ആണെന്നാണ് കരുതുന്നത്. സി.പി.എമ്മിന് നേരെ ആരോപണം ഉണ്ടെങ്കിൽ അതും അന്വേഷിക്കണം. 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാവാത്തത് പൊലീസിന്റെ വലിയ വീഴ്ചയാണ്. അഭിമന്യൂ കേസിലേത് പോലെ ഈ കേസും മാറും. കേസന്വേഷണം ഐ.ജിയുടെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സ്‌പെഷ്യൽ ടീമിനെ ഏൽപ്പിക്കണം. ഡമ്മി പ്രതികളെ ഹാജരാക്കാൻ അവസരം കൊടുക്കുന്നതിനായാണ് പൊലീസ് അലംഭാവം കാട്ടുന്നത്. നൗഷാദിനെതിരെ സോഷ്യൽ മീഡിയയിലൂടെ കൊലവിളി നടത്തിയത് അവഗണിച്ച പൊലീസിന്റെ അനാസ്ഥയാണ് കൊലപാതകത്തിൽ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതാക്കളായ ജോസഫ് ചാലിശ്ശേരി, പി.ടി. അജയ്‌മോഹൻ, എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഗോപപ്രതാപൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. നൗഷാദിന്റെ മാതാവിനെയും, മക്കളെയും, സഹോദരങ്ങളെയും ആശ്വസിപ്പിച്ച ശേഷമാണ് ചെന്നിത്തല മടങ്ങിയത്.