ചാലക്കുടി: കേരള പുലയൻ മഹാസഭ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 21ന് ഇരിങ്ങാലക്കുടയിൽ സംഗമ സമ്മേളനം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെ.പി.എം.എസ് ടി.വി ബാബു വിഭാഗത്തിൽപ്പെടുന്ന നന്തിക്കര മേഖലയിലെ പത്തു ശാഖകൾ, പുലയൻ മഹാസഭയിൽ ലയിക്കുന്നതാണ് സംഗമ ചടങ്ങ്. പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ നടക്കുന്ന സംഗമ സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ കെ.ടി. ശങ്കരൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എൻ.കെ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനാകും. ജനറൽ സെക്രട്ടറി പി.പി. അനിൽകുമാർ സംഗമ സന്ദേശവും സംഘടനാ സെക്രട്ടറി കെ.ടി. അയ്യൻപ്പൻകുട്ടി അംഗത്വ വിതരണവും നിർവഹിക്കും.

പി.കെ.തങ്കപ്പൻ, കുമാരി വേലായുധൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരത്തോളം പ്രവർത്തകരാണ് കേരള പുലയൻ മഹാസഭയിൽ ചേരുന്നത്. വിവിധ ജില്ലകളിൽ നിന്നും കൂടുതൽ യൂണിയനുകളും ശാഖകളും ലയനത്തിന്റെ പാതയിലാണെന്ന് ഭാരവാഹികൾ പറഞ്ഞു. തങ്ങളുടെ സംഘടനക്കാണ് ഔദ്യോഗികമായി രജിസ്ട്രഷനുള്ളത്. മറ്റു മൂന്നു സംഘടനകളും ഒരേ രജിസ്‌ട്രേഷനിലും കൊടിയിലുമാണ് പ്രവർത്തിക്കുന്നത്. ഇതു പുലയർ വിഭാഗത്തെ ദുർബലപ്പെടുത്തുകയാണ്. ഭരണഘടനപരമായ സംവരണം പോലും അട്ടിമറിക്കപ്പെടുമ്പോഴും പ്രതികരിക്കാനാകുന്നില്ല. ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

ഈ വർഷത്തെ മഹാത്മ അയ്യങ്കാളിയുടെ ജയന്തി ദിനം ആഗസ്റ്റ് 22 മുതൽ 28 വരെ ആഘോഷിക്കുമെന്നും നേതാക്കൾ അറിയിച്ചു. ജനൽ സെക്രട്ടറി പി.പി. അനിൽകുമാർ, സംഘടനാ സെക്രട്ടറി കെ.ടി. അയ്യപ്പൻക്കുട്ടി, പി.കെ. തങ്കപ്പൻ, കുമാരി വേലായുധൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.