ചാലക്കുടി: പരിയാരത്തെ കാഞ്ഞിരപ്പിള്ളിയിൽ വീണ്ടും പോത്തിറച്ചി സംസ്‌കരണ ഫാക്ടറി തുടങ്ങുന്നതിന് സാധ്യത തേടി എം.എൽ.എയും പഞ്ചായത്ത് അധികൃതരും. കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉപേക്ഷിച്ച പദ്ധതിക്കാണ് വീണ്ടും ചിറക് മുളക്കുന്നത്.

പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ വിലക്കിയ കസ്തൂരി രംഗൻ റിപ്പോർട്ടിൽ കാഞ്ഞിരപ്പിള്ളിയും ഉൾപ്പെട്ടിരുന്നു. അതിരപ്പിള്ളി ഉൾപ്പെടുന്ന പരിയാരം വില്ലേജിനായിരുന്നു വിലക്ക്. പിന്നീട് പരിയാരത്തു നിന്നും വേർപ്പെട്ട് അതിരപ്പിള്ളി കേന്ദ്രീകരിച്ച് പുതിയ വില്ലേജ് നിലവിൽ വരികയും ചെയ്തു. ഈ സാഹചരത്തിലാണ് പോത്തിറച്ചി ഫാക്ടറിയുടെ കാര്യം വീണ്ടും സജീവ ചർച്ചാ വിഷയമാകുന്നത്.

കൊച്ചി രാജാവിന്റെ വേനൽക്കാല വസതിയായിരുന്ന ഇവിടുത്തെ പതിനാല് ഏക്കർ സ്ഥലത്ത് പോത്തിറച്ചി സംസ്‌കരണ ഫാക്ടറി തുടങ്ങുന്നതിന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയമാണ് രണ്ടര പതിറ്റാണ്ടു മുമ്പ് 37 കോടി രൂപ അനുവദിച്ചത്. പിന്നീടിത് പല പ്രശ്‌നങ്ങളിലും കുടങ്ങി നീണ്ടുപോയി. കൂത്താട്ടുകുളത്തെ മീറ്റ്‌സ് പ്രൊഡക്ട്‌സ് ഒഫ് ഇന്ത്യ കമ്പനിയുടെ കീഴിൽ ഇവിടുത്തെ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം വരെ നടന്നിരുന്നു. പദ്ധതി ഉപേക്ഷിക്കുമെന്ന ഘട്ടമെത്തിയപ്പോൾ സ്ഥലത്ത് കുടുംബശ്രീ പ്രവർത്തകർ പച്ചക്കറി കൃഷിയും ആരംഭിച്ചു. എന്നാൽ പിന്നീട് ഇതെല്ലാം വേണ്ടെന്ന് വച്ച എം.പി.ഐയുടെ സംസ്ഥാന അധികൃതർ കുടുംബശ്രീ പ്രവർത്തനങ്ങളെ പടിക്കുപുറത്താക്കുകയായിരുന്നു.

ഇപ്പോൾ ബി.ഡി. ദേവസി എം.എൽ.എ മുൻകൈയെടുത്താണ് പുതിയ നീക്കങ്ങൾ ആരംഭിച്ചത്. ഏതെങ്കിലും സാഹചര്യത്തിൽ പോത്തിറച്ചി ഫാക്ടറിയുടെ സ്ഥാപനത്തിന് തടസമുണ്ടായാൽ മറ്റു പല പദ്ധതികളും ഇവിടെ പ്രാവർത്തികമാക്കാനും ആലോചനയുണ്ട്. ഉരുൾപ്പൊട്ടൽ ഭീഷിണിയെ തുടർന്ന് മണ്ണുത്തിയിലേക്ക് പറിച്ചുനട്ട തുമ്പൂർമുഴിയിലെ ഫുഡ് ടെക്‌നോളജി കോളേജിന്റെ ഹോസ്റ്റലാണ് ആദ്യ പരിഗണനയിൽ. ഹോസ്റ്റൽ ഇല്ലാത്തതിനാൽ കോളേജും ഇവിടെ പ്രവർത്തിക്കുന്നില്ല. ഇതോടൊപ്പം കുടുംബശ്രീയുടെ ബൃഹത്തായ പദ്ധതികളും ഇവിടെ പരിഗണനയിലാണ്.