കടകള്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കിയതിൽ വ്യാപാരികളുടെ പ്രതിഷേധം ശനിയാഴ്ച
വരന്തരപ്പിള്ളി: എച്ചിപ്പാറയിൽ ചിമ്മിനി ഡാം റോഡിനോട് ചേർന്ന് നടത്തിയിരുന്ന തട്ടുകട പൊളിച്ചതിൽ പ്രതിഷേധിച്ച് വീട്ടമ്മയും കുടുംബവും പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ അനിശ്ചിതകാല കുടിൽ കെട്ടി സമരം ആരംഭിച്ചു. സാമൂഹിക പ്രവർത്തക ബൾക്കീസ് ബാനു ഉദ്ഘാടനം ചെയ്തു. വെൽഫയർ പാർട്ടി ജില്ല സെക്രട്ടറി നവാസ്, ജയൻ എന്നിവർ പ്രസംഗിച്ചു. വീട്ടമ്മയായ നസീമയും ഭർത്താവ് ഗഫൂറും ചേർന്ന് റോഡിനോട് ചേർന്ന് നടത്തിയിരുന്ന തട്ടുകട വനപാലകർ പൊളിച്ചു നീക്കി സാധന സാമഗ്രികൾ കസ്റ്റഡിയിലെടുത്തിരുന്നു.
വനഭൂമി കൈയേറി കുടിൽ കെട്ടിയതിന് ഇവരുടെ പേരിൽ കേസും എടുത്തു. സ്ഥലം വനം വകുപ്പിന്റേതല്ലെന്നും, സ്ഥലം റോഡ് നിർമ്മിക്കാൻ നൽകിയതായതിനാൽ പൊതുമരാമത്ത് വകുപ്പിന്റേതാണെന്നുമാണ് ഇവരുടെ വാദം. ചുമരും മേൽക്കൂരയും നിർമ്മിച്ചിട്ടുള്ളതും വൈദ്യുതി കണക്‌ഷൻ ഉള്ളതുമായ ഒട്ടേറെ കടകൾ റോഡിന് ഇരുവശത്തും വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്നും ഇവർ പറയുന്നു. വേലുപ്പാടം മുതൽ ചിമ്മിനി ഡാം വരെയുള്ള മുഴുവൻ കടകളും അനധികൃതമാണെന്നും ഇവർ ആരോപിച്ചു. സംഭവത്തിൽ ഇവർ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. ഇതിനിടെ എച്ചിപ്പാറയിലെയും ചിമ്മിനി ഡാം റോഡിന് ഇരുവശത്തുമുള്ള കടകൾ പൊട്ടിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് വനപാലകർ നോട്ടീസ് നൽകി. ഇതിനെതിരെ വ്യാപാരിയുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് നാലിന് പാലപ്പിള്ളിയിൽ കൂട്ടായ്മയും സംഘടിപ്പിക്കുന്നുണ്ട്.