കൊടുങ്ങല്ലൂർ: മേത്തല മിനി സിവിൽ സ്‌റ്റേഷന്റെ നിർമ്മാണോദ്ഘാടനം എട്ടിന് രാവിലെ 11 ന് നടത്താൻ സംഘാടക സമിതി യോഗം തീരുമാനിച്ചു. അഡ്വ. വി.ആർ. സുനിൽ കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് നിർമ്മാണോദ്ഘാടനം നിർവഹിക്കുക. മേത്തല കീത്തോളി ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ എസ്. ഷാനവാസ് മുഖ്യാതിഥിയാകും. വില്ലേജ് ഓഫീസ് നിലനിന്നിരുന്ന സ്ഥലത്ത് 11,500 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ രണ്ട് നിലകളിലായിട്ടാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നത്. മേത്തലയിലെ സർക്കാർ ഓഫീസുകൾ ഒറ്റക്കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ള മിനി സിവിൽ സ്റ്റേഷൻ മന്ദിരം 266 ലക്ഷം രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. പരിപാടിയുടെ വിജയത്തിനായി നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ ( ചെയർമാൻ), പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനിയർ ബി. അജിത് കുമാർ(കൺവീനർ.) എന്നിവരുടെ നേതൃത്വത്തിലുള്ള 101 അംഗ സംഘാടക സമിതി രൂപീകരിച്ചു...