കൊടുങ്ങല്ലൂർ: മതിലകം പഞ്ചായത്തിനെ ഹരിതാഭമാക്കാൻ ഗൃഹചൈതന്യം പദ്ധതി ആരംഭിച്ചു. എല്ലാ വീടുകളിലേക്കും കറിവേപ്പ്, ആര്യവേപ്പ് എന്നിവ നൽകുന്നതോടൊപ്പം സംരക്ഷിച്ച് നിലനിറുത്തുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ തദ്ദേശസഹകരണ സ്ഥാപനങ്ങളെ സഹകരിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക. തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളും ഉപയോഗപ്പെടുത്തും.

മതിലകത്ത് പാപ്പിനിവട്ടം സർവ്വീസ് സഹകരണ ബാങ്കിനെയും കർഷകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഉൾപ്പെടുത്തി ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. എല്ലാ വീടുകളിലേക്കും പത്തിനം ഔഷധസസ്യങ്ങളും പച്ചക്കറിത്തൈകളും നൽകി തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. വാർഡ് തലത്തിൽ കമ്മിറ്റികൾ രൂപീകരിക്കും. മതിലകം കിഴക്കുംപുറത്ത് ബ്ലോക്ക് പഞ്ചായത്ത് വക സ്ഥലത്ത് വേപ്പില, ആര്യവേപ്പ് എന്നിവയുടെ വിത്ത് പാകൽ ഉദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് മെമ്പർ ഹേമലത ഗോപാലൻ അദ്ധ്യക്ഷയായി. അസിസ്റ്റന്റ് സെക്രട്ടറി സീന എം.ജെ, ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ ഷംല, വനിത ക്ഷേമ ഓഫീസർ ഗിരീശൻ, വാർഡ് മെമ്പർമാരായ കെ.വി അജിത് കുമാർ, ഹസീന റഷീദ്, സിന്ധു രവീന്ദ്രൻ, ഹസീന ഫത്താഹ്, കെ.വൈ. അസീസ്, ബാദുഷ എം.എസ്, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.