തൃശൂർ : ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് 16 മാസമായിട്ടും നിയമനം പേരിന് മാത്രം. കഴിഞ്ഞവർഷം ഏപ്രിൽ രണ്ടിന് നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ മെയിൻ ലിസ്റ്റിൽ 1,534 പേരും, സപ്‌ളിമെന്ററി ലിസ്റ്റിൽ 1919 പേരും അടക്കം ആകെ ജില്ലയിൽ 3,453 പേരാണുള്ളത്.

നിയമന ശുപാർശ നൽകിയത് 241 പേർക്ക് മാത്രം, അതായത് ഏഴ് ശതമാനം. മൂന്നു വർഷം കാലാവധിയുള്ള റാങ്ക് ലിസ്റ്റിന് ഒന്നരവർഷമാണ് ബാക്കിയുളളത്. വിവിധ വകുപ്പുകളിൽ ഉണ്ടായ ഒഴിവുകൾ അനധികൃതമായി വക മാറ്റിയതിനാലാണ് നിയമനം കുറഞ്ഞതെന്നാണ് ആരോപണം. ആരോഗ്യം, വിദ്യാഭ്യാസം, നഗരകാര്യം, പഞ്ചായത്ത് , ഇറിഗേഷൻ തുടങ്ങിയ വകുപ്പുകളിൽ മാനദണ്ഡം ലംഘിച്ച് ആശ്രിത നിയമനങ്ങൾ നടത്തിയെന്നാണ് ഉദ്യോഗാർത്ഥികളുടെ ആക്ഷേപം. വർഷം ഒരു വകുപ്പിൽ ഉണ്ടാകുന്ന പുതിയ ഒഴിവുകളുടെ അഞ്ച് ശതമാനം മാത്രമേ ആശ്രിത നിയമനം നടത്താവൂ എന്നാണ് നിലവിലെ വ്യവസ്ഥ.

ഇതുപ്രകാരം വർഷം 20 പുതിയ ഒഴിവ് ഒരു വകുപ്പിൽ ഉണ്ടാകുമ്പോൾ മാത്രമേ ഒരു ഒഴിവ് ആശ്രിത നിയമനത്തിനായി നീക്കിവയ്ക്കാൻ പാടുള്ളൂ. എന്നാൽ ഇതൊന്നും പാലിക്കപ്പെടാതെ ആശ്രിത നിയമനങ്ങൾ തുടരുകയാണെന്നാണ് പരാതി. അഞ്ച് ശതമാനത്തിൽ കൂടുതൽ ആശ്രിത നിയമനവും പിൻവാതിൽ നിയമനവും ആണെന്നിരിക്കെ സംസ്ഥാനത്ത് പി.എസ്.സിയെ നോക്കുകുത്തിയാക്കിയാണ് ഉദ്യോഗസ്ഥർ അടങ്ങുന്ന കൂട്ടുകെട്ട് സമാന്തര റിക്രൂട്ടിംഗ് നടത്തുന്നതെന്ന് ക്ലർക്ക് റാങ്ക് ഹോൾഡേഴ്‌സ് ഐഡിയൽ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

കൂടുതൽ ഒഴിവുകളുളള വകുപ്പുകൾ:

പഞ്ചായത്ത്, കോടതി, വിദ്യാഭ്യാസം, ആരോഗ്യം

പഞ്ചായത്തിൽ കഴിഞ്ഞ ലിസ്റ്റിൽ നിയമനം കിട്ടിയത്: 350 പേർക്ക്.

ഈ ലിസ്റ്റിൽ നിന്ന്: 30

മറ്റ് ആക്ഷേപങ്ങൾ:


എൽ.ഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകൾ അട്ടിമറിച്ച് നടക്കുന്നത് ഭരണഘടനാ ലംഘനം.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെയുള്ള വകുപ്പ് തല നടപടിയും, വിജിലൻസ് പരിശോധനയുമില്ല.
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ നിർദ്ദേശം അവഗണിക്കുന്നു.

പഞ്ചായത്ത്, സിവിൽ സപ്ലൈസ് വകുപ്പുകൾ നിയമനം നടത്തുന്നതിന് ഒഴിവുകൾ പിടിച്ചുവെക്കുന്നു.

''വിവരാവകാശ രേഖകൾ പ്രകാരം ചട്ടലംഘനം നടന്നു എന്നത് വ്യക്തമാണ്. ഇതിനെതിരെ ശക്തമായ നിയമ പോരാട്ടം ആരംഭിച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഒന്നര വർഷം മാത്രം ബാക്കി നിൽക്കേ സർക്കാർ ഇക്കാര്യത്തിൽ ഉടൻ പരിഹാരം കാണണം. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തും.''

ക്ലർക്ക് റാങ്ക് ഹോൾഡേഴ്‌സ് ഐഡിയൽ അസോസിയേഷൻ (ക്രിയ).