dhanya
വേൾഡ് മാസ്റ്റേഴ്സ് മീറ്റിൽ മത്സരിക്കാൻ തയ്യാറെടുക്കുന്ന ഇന്ത്യയുടെ അഭിമാനതാരം ധന്യ

എരുമപ്പെട്ടി: ബ്രൂണെയിൽ നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടാനുള്ള തയ്യാറെടുപ്പിലാണ് തൃശൂർ അവണൂർ സ്വദേശിനി ധന്യ രാമചന്ദ്രൻ. എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ താത്കാലിക കായിക പരിശീലകയായ ധന്യ സിംപ്പൂരിൽ നടന്ന മത്സരത്തിൽ മൂന്ന് സ്വർണമെഡലുകൾ കരസ്ഥമാക്കിയിരുന്നു.

സിംഗപൂരിൽ നടന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ പത്തിലേറെ രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങളോടൊപ്പമാണ് ധന്യ രാമചന്ദ്രൻ മത്സരിച്ചത്. മറ്റു രാജ്യങ്ങളിലെ അത്‌ലറ്റുകൾ വിലകൂടിയ സ്പൈക്ക് ധരിച്ച് മത്സരത്തിനെത്തിയപ്പോൾ സ്ഥിരം ജോലിയില്ലാത്ത ധന്യ സാധാരണ കാൻവാസ് ഷൂ ധരിച്ചാണ് മത്സരിച്ചത്.

രാജ്യസ്നേഹം നെഞ്ചേറ്റി ആത്മവിശ്വാസം കൈമുതലാക്കിയ ധന്യ മത്സരിച്ച മൂന്ന് ഇനങ്ങളിലും സ്വർണ്ണം നേടി. ഷോട്ട് പുട്ട്, ജാവലിൻ ത്രോ, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിലാണ് ധന്യ മത്സരിച്ചത്. പത്താം വയസിൽ കായിക രംഗത്തെത്തി സ്കൂൾ തലം മുതൽ ഇതുവരെ വിവിധ മത്സരങ്ങളിൽ നിരവധി മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്.
കബഡി, ബാസ്കറ്റ് ബാൾ, അത്‌ലറ്റിക് തുടങ്ങിയ ഇനങ്ങളിൽ സ്കൂൾ കോളേജ് തലങ്ങളിൽ മികവ് പുലർത്തിയിട്ടുള്ള താരം എരുമപ്പെട്ടി സ്കൂളിലെ താത്കാലിക പരിശീലകയായി എത്തിയതിന് ശേഷം കായിക അദ്ധ്യാപകൻ മുഹമ്മദ് ഹനീഫയുടെ പ്രോത്സാഹനത്തെ തുടർന്നാണ് സിംപൂരിൽ നടന്ന മത്സരത്തിൽ പങ്കെടുത്തത്. സിംഗപൂരിലെ വിജയം ഈ മാസം 17,18 തിയ്യതികളിൽ ബ്രൂണെയിലും ആവർത്തിക്കാൻ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഈ താരം.

പരിഗണനയില്ല

രാജ്യത്തിന് നേട്ടങ്ങൾ സമ്മാനിക്കുമ്പോഴും സർക്കാരിൽ നിന്നും പരിഗണനയൊന്നുമില്ല. കാൻവാസ് ഷൂ ധരിച്ചായിരുന്നു സിംഗപ്പൂരിലെ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ മത്സരിച്ച് ജയിച്ചത്. ഭർത്താവ് രാമചന്ദ്രന്റെയും മക്കളായ മേധ, ധ്രുവ എന്നിവരുടെ പിന്തുണയുമാണ് ഇല്ലായ്മയും അവഗണനയും മറികടക്കാൻ ഊർജ്ജം നൽകുന്നത്.

- ധന്യ രാമചന്ദ്രൻ.