കാരമുക്ക് : ഗുരുദേവൻ നേടിത്തന്ന ക്ഷേത്രാചാര പദ്ധതിയെ അതിന്റെ തനിമയോടെ ഉൾക്കൊണ്ട് പ്രാവർത്തികമാക്കണമെന്ന് ചാലക്കുടി ഗായത്രി ആശ്രമം മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഗായത്രി ആശ്രമത്തിൽ നിന്നും ആരംഭിച്ച ആറമ്പല തീർത്ഥാടന യാത്രയ്ക്ക് കാരമുക്ക് ചിദംബര ക്ഷേത്രത്തിൽ നൽകിയ സ്വീകരണത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗുരുദേവൻ ജില്ലയിൽ സ്ഥാപിച്ചതും ഉയർന്ന് വന്നിട്ടുള്ളതുമായ ക്ഷേത്രങ്ങളിലേക്ക് ഓരോ ഗുരുദേവ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ തീർത്ഥാടനം നടത്തണം. ശ്രീനാരായണ സമൂഹത്തിനും അധഃസ്ഥിത ജനതയ്ക്കും ക്ഷേത്രങ്ങളും ഈശ്വര വിശ്വാസവും പ്രധാനം ചെയ്തത് ഗുരുദേവനാണ്. ഗുരുദേവ ക്ഷേത്രങ്ങളെ വിസ്മരിച്ച് മറ്റു ദേവാലയങ്ങളുടെ പിന്നലെ ഓടിനടക്കുന്നവർ സ്വന്തം അസ്തിത്വം തിരിച്ചറിയണമെന്നും സ്വാമി പറഞ്ഞു. അമ്പത് പേരടങ്ങിയ തീർത്ഥയാത്ര സംഘത്തിൽ ഗുരുചൈതന്യ മഠം ചെയർമാൻ നരേന്ദ്രൻ നെല്ലായി, ജി.ഡി.പി.എസ് ജില്ലാ ചെയർമാൻ പി.എൻ ഗോപി, ദുബായ് സേവന സംഘ് പ്രമോദ്, മാതൃസമിതി വൈസ് പ്രസിഡന്റ് സരോജിനി ടീച്ചർ , ജോയിന്റ് സെക്രട്ടറി വസന്തകുമാരി തുടങ്ങിയവർ ഉണ്ടായിരുന്നു.
സംഘത്തെ വേണു ശാന്തിയുടെ നേതൃത്വത്തിൽ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. സമാജം പ്രസിഡന്റ് സുരേഷ് ബാബു വന്നേരി , കെ.കെ. ഗോപി, പി.കെ. വേലായുധൻ, ടി.വി സുഗതൻ, ധനേഷ് മഠത്തിപ്പറമ്പിൽ , സജീവൻ കാരമുക്ക് എന്നിവർ ചേർന്ന് സ്വീകരിച്ചു. പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രം, കാരമുക്ക് ചിദംബര ക്ഷേത്രം, വാടാനപ്പിള്ളി ഗണേശമംഗലം ക്ഷേത്രം, ചാവക്കാട് വിശ്വനാഥ ക്ഷേത്രം, കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രം, പൊങ്ങണംകാട് ശ്രീനാരായണ സേവാമന്ദിര സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ സന്ദർശിച്ചു..