നാലു വർഷത്തിനകം ഭരണസമിതി ചെലവഴിച്ചത് 2 കോടി
ചാലക്കുടി: ഭരണമുന്നണിയിലെ ചേരിപ്പോര് മൂലം നഗരസഭയുടെ ആനമല ജംഗ്ഷനിലെ നോർത്ത് ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനം നീളുന്നു. കവാടത്തിൽ പ്രവർത്തിക്കുന്ന ടൂ വീലർ വർക്ക് ഷോപ്പ് മാറ്റുന്നത് സംബന്ധിച്ച പ്രശ്‌നമാണ് എൽ.ഡി.എഫ് കൗൺസിലർമാർ പരസ്പരം പോരടിക്കുന്നതിന് ഇടയാക്കുന്നത്.
പുറമ്പോക്കിലെ വർക്ക് ഷോപ്പ് സ്റ്റാൻഡിനകത്തെ താത്കാലിക ഷെഡ്ഡിലേക്ക് മാറ്റാനായിരുന്നു കഴിഞ്ഞ വർഷം നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചത്. എന്നാൽ ഇതിനെതിരെ സി.പി.എമ്മിലെ ചില കൗൺസിലർമാർ രംഗത്തെത്തി. വർക്ക് ഷോപ്പിന് താത്കാലിക ഷെഡ്ഡിൽ ഇടം നൽകുന്നത് ഉചിതമല്ലെന്നായിരുന്നു ഇവരുടെ വാദം. ഈ നിലപാട് സ്വീകരിച്ചതിന് പിന്നിൽ പ്രതിപക്ഷത്തെ ചിലർക്കും പങ്കുണ്ടെന്നാണ് ആരോപണം.
കൗൺസിൽ തീരുമാനത്തിന് എതിരായി നിന്നവർക്കൊപ്പം ചില സി.പി.ഐ അംഗങ്ങളും ഉണ്ടായിരുന്നത്രെ. ഈ ഭരണ സമിതിയുടെ കാലഘട്ടത്തിൽ ഉദ്ഘാടനം നടക്കുരുതെന്നാണ് പ്രതിപക്ഷലക്ഷ്യം എന്നാണ് കൗൺസിൽ തീരുമാനത്തെ അനുകൂലിക്കുന്ന ഭരണപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തുന്നത്. ഇത് മനസിലാക്കിയിട്ടും പ്രതിപക്ഷത്തോടൊപ്പം നിൽക്കുന്നത് ദുരൂഹമാണെന്നും അവർ പറയുന്നു.
സ്റ്റാൻഡിന്റെകവാടത്തിലേക്കുള്ള റോഡിന് നിയമപ്രകാരമുള്ള വീതി വേണെങ്കിൽ വർക്ക് ഷോപ്പ് പൊളിച്ചു നീക്കിയേ മതിയാകൂ. ഈയിടെ ചേർന്ന എൽ.ഡി.എഫ് സ്റ്റിയറിംഗ് കമ്മിറ്റി പ്രശ്‌നം പരിഹരിക്കുന്നതിന് ശക്തമായ ഇടപെടൽ നടത്തിയിരുന്നു. എന്നാൽ തുടർ നടപടികളുണ്ടായില്ല. റോഡിലെ ഡിവൈഡർ നിർമ്മാണം, കവാടത്തിലെ ബോർഡ് സ്ഥാപിക്കൽ എന്നിവ വർക്ക് ഷോപ്പ് മാറ്റിയതിനു ശേഷമെ സാധ്യമാകൂ.
ഒന്നര പതിറ്റാണ്ട് മുമ്പ് നിർമ്മാണത്തിന് തുടക്കമിട്ട നോർത്ത് ബസ് സ്റ്റാൻഡാണ് ഇനിയും യാഥാർത്ഥ്യമാകാതെ കിടക്കുന്നത്. ഇപ്പോഴത്തെ ഭരണസമിതി രണ്ടു കോടിയോളം രൂപ വിവിധ പ്രവൃത്തികൾക്കായി ചെലവഴിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടനം കാത്തുകിടക്കുകയാണ്.
പ്രതിപക്ഷ ലക്ഷ്യം, ഭരണപക്ഷം വഴി
നോർത്ത് ബസ് സ്റ്റാൻഡ് നിൽക്കുന്നത് ചാലക്കുടി ആനമല ജംഗ്ഷനിൽ
സ്റ്റാൻഡ് തുറക്കാത്തതിന് കാരണം വർക്ക് ഷോപ്പ് മാറ്റുന്നത് സംബന്ധിച്ച തർക്കം
വർക്ക് ഷോപ്പ് സ്റ്റാൻഡിലെ താത്കാലിക ഷെഡ്ഡിലേക്ക് മാറ്റണമെന്ന് കൗൺസിൽ
എതിർപ്പുമായി പ്രതിപക്ഷം, പ്രതിപക്ഷത്തോടൊപ്പം ഭരണപക്ഷ അംഗങ്ങളും
എൽ.ഡി.എഫ് സ്റ്റിയറിംഗ് കമ്മിക്കും പ്രശ്ന പരിഹാരത്തിന് കഴിഞ്ഞില്ല