ചേലക്കര: കേരളീയ വാദ്യകലയുടെ നവോത്ഥാന നായകനായ തിരുവില്വാമല വെങ്കിടേശ്വര അയ്യർ എന്ന വെങ്കിച്ചൻ സ്വാമി ദിനാചരണവും പുരസ്‌കാര സമർപ്പണ പരിപാടികളും ഇന്നും നാളെയും മറ്റന്നാളുമായി നടക്കും. ഇതോടനുബന്ധിച്ച് തിരുവില്വാമലയിലെ പൂർവകാല കലാപ്രതിഭകളുടെ പേരിലാണ് പുരസ്‌കാര സമർപ്പണം നടക്കുന്നത്.

ഈ വർഷത്തെ വെങ്കിച്ചൻ സ്വാമി പുരസ്‌കാരം ചാലക്കുടി നാരായണൻ നമ്പീശനും തിരുവില്വാമല കോന്തസ്വാമി പുരസ്‌കാരം കല്ലേക്കുളങ്ങര അച്യുതൻകുട്ടി മാരാർക്കും തിരുവില്വാമല അപ്പുണ്ണി പൊതുവാൾ പുരസ്‌കാരം കലാമണ്ഡലം ശശി പൊതുവാളിനും തിരുവില്വാമല ചിന്നക്കുട്ട പൊതുവാൾ പുരസ്‌കാരം കലാമണ്ഡലം ശിവരാമൻ നായർക്കും തിരുവില്വാമല പഴനി പുരസ്‌കാരം കുത്താമ്പുള്ളി ബാലകൃഷ്ണനും ഐവർമഠം മാധവ വാര്യർ പുരസ്‌കാരം കാലടി കൃഷ്ണയ്യർക്കും ഈശ്വര വാര്യർ പുരസ്‌കാരം നെടുമ്പിള്ളി രാംമോഹനും, തിരുവില്വാമല ഗോപി പുരസ്‌കാരം പരയ്ക്കാട് മഹേശ്വരനും, ചേലക്കര ഉണ്ണിക്കൃഷ്ണൻ നായർ പുരസ്‌കാരം കടവല്ലൂർ സുകുമാരനുമാണ് നൽകുന്നത്.

ആഘോഷത്തോട് അനുബന്ധിച്ച് ഇന്ന് കരിയന്നൂർ നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പഞ്ചവാദ്യ സോദാഹരന്ന ക്ലാസ്സും, നാളെ അഖില കേരള മദ്ദളകേളി മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ആഗസ്റ്റ് അഞ്ചിന് വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന സമാപന സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ സമർപ്പിക്കും.