ചാലക്കുടി: കോടതി ജംഗ്ഷനിലെ അടിപ്പാത നിർമ്മാണത്തിന് പുരോഗതിയില്ല, പ്രവൃത്തികൾ പൂർണ്ണമായും സ്തംഭിച്ച നിലയിൽ. മഴ മാറിയാൽ പ്രവൃത്തി തുടങ്ങുമെന്ന വാഗ്ദാനവും കരാർ കമ്പനി ലംഘിക്കുകയാണ്. നിർമ്മാണത്തിന് മുൻകൂറായി ദേശീയപാതാ അതോറിറ്റി നൽകിയ മൂന്നുകോടി രൂപയിൽ ഭൂരിഭാഗവും കരാറുകാരായ കെ.എം.സി കൈപ്പറ്റിയിരുന്നു.

പ്രവൃത്തി ഏറ്റെടുത്തത് കെ.എം.സിയുടെ ഉപകരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ്. ഇവർക്ക് നൽകിയ പണമാണ് കെ.എം.സിക്ക് കൈമാറിയത്. ഇവർ നേരിട്ടും മറ്റൊരു ഏജൻസി വഴിയും ചില്ലറ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോഴാണ് അടിത്തറ നിർമ്മാണത്തിനായി കോടതി ജംഗ്ഷനിൽ അമ്പത് മീറ്ററോളം നീളത്തിൽ മണ്ണുനീക്കിയത്. തുടർന്ന് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.

കുതിരാനിൽ നടക്കുന്ന നിർമ്മാണത്തിൽ നിന്നും ഏതാനും തൊഴിലാളികളെ കൊണ്ടുവന്നായിരുന്നു ജോലികൾ നടത്തിയത്. ഇതുമൂലം നിർമ്മാണത്തിന് ഒച്ചിന്റെ വേഗമേ ഉണ്ടായിരുന്നുള്ളൂ. പ്രളയത്തിൽ ഗർത്തത്തിൽ മണ്ണിടിഞ്ഞതും പ്രതിഷേധത്തിനിടയാക്കി. തുടർന്ന് എറണാകുളത്തെ യൂണിക് ആൻഡ് ഭാരതീയ ഏജൻസിയെ നിർമ്മാണം ഏൽപ്പിച്ചു. അടിത്തട്ടിലെ നിർമ്മാണം ആരംഭിച്ച ഇവർക്കും അധികകാലം മുന്നോട്ടു പോകാനായില്ല.

രണ്ടര കോടിയോളം രൂപ ചെലവഴിച്ച ഈ ഏജൻസിക്ക്, കെ.എം.സി നൽകിയതാകട്ടെ 80 ലക്ഷം രൂപയും. ഇതോടെ നിർമ്മാണം പൂർണ്ണമായും സ്തംഭിക്കുകയായിരുന്നു. ഇതിനിടെ രൂപമാറ്റം സംഭവിച്ച അടിപ്പാത എസ്റ്റിമേറ്റിന് കേന്ദ്രസർക്കാരിന്റെ അംഗീകാരവും ലഭിച്ചില്ലെന്ന് പറയുന്നു. വീണ്ടും തയ്യാറാക്കിയ എസ്റ്റിമേറ്റ് ഇപ്പോൾ ദേശീയപാതാ അധികൃതരുടെ പരിഗണയിലാണ്.

ബി.ഡി. ദേവസി എം.എൽ.എയുടെ അനാസ്ഥയാണ് പ്രവർത്തനം സ്തംഭിക്കാൻ ഇടയാക്കിയതെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു. ബെന്നി ബെഹന്നാൻ ചാലക്കുടി എം.പി ആയപ്പോൾ പ്രശ്‌നത്തിൽ ഇടപെടുമെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ ഇതുവരേയും കാര്യമായ നീക്കങ്ങളൊന്നും നടന്നില്ല. സംസ്ഥാനത്തെ റോഡ് പ്രശ്‌നം ചർച്ച ചെയ്യുന്നതിന് ഡൽഹിയിൽ കേന്ദ്രമന്ത്രി വിളിച്ചുകൂട്ടിയ എം.പിമാരുടെ യോഗത്തിൽ ബെന്നി ബെഹന്നാൽ പങ്കെടുക്കാതിരുന്നതും വാർത്തയായി.

വഴിയടഞ്ഞ്

മഴ മാറിയാൽ പ്രവൃത്തി തുടങ്ങുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല

കരാറിന്റെ ഭാഗമായി 3 കോടി രൂപ കമ്പനിക്ക് മുൻകൂറായി നൽകി

പ്രവൃത്തി നടത്തിയത് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനി

രൂപമാറ്റം വരുത്തിയ എസ്റ്റിമേറ്റിന് കേന്ദ്ര അംഗീകാരം ലഭിച്ചില്ല

പരസ്പരം പഴിചാരി ഒഴിഞ്ഞ് ഭരണപക്ഷവും പ്രതിപക്ഷവും