കൊടുങ്ങല്ലൂർ: ബ്രഹ്മശ്രീ തിലകൻ തന്ത്രികളുടെ സപ്തമ ശ്രാദ്ധ സപര്യ നാളെ വിവിധ പരിപാടികളോടെ ആല ശ്രീ ഗുരുദേവ കല്യാണ മണ്ഡപത്തിൽ നടക്കുമെന്ന് കോരു ആശാൻ സ്മാരക വൈദിക സംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. തിലകൻ തന്ത്രികളുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ താന്ത്രിക തിലക പുരസ്കാരം ബഹുമുഖപ്രതിഭയായ ഗുരു പി.എസ്.എ മനു മാസ്റ്റർക്കാണ് ഇക്കുറി സമ്മാനിക്കുക.

തന്ത്രത്തിലും നാട്യശാസ്ത്രത്തിലുമുള്ള പ്രാവീണ്യം കണക്കിലെടുത്താണ് മനു മാസ്റ്ററെ അവാർഡിനായി തെരഞ്ഞെടുത്തത്. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. നാളെ രാവിലെ 9.30നാണ് അനുസ്മരണ സദസ് ആരംഭിക്കുക. വൈദികാചാര്യൻ ബ്രഹ്മശ്രീ നാരായണൻകുട്ടിശാന്തിയുടെ അദ്ധ്യക്ഷതയിൽ ഗുരുപദം ഡോ. ടി.എസ് വിജയൻ തന്ത്രികൾ ഭദ്രദീപം തെളിക്കും. ഗുരുസാഗരം മുഖ്യപത്രാധിപർ സജീവ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. വിവേകാനന്ദ സാംസ്കാരിക സമിതി പ്രസിഡന്റ് എ.ആർ ശ്രീകുമാർ ചികിത്സാ നിധി സമർപ്പണവും എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.വി സദാനന്ദൻ വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും നിർവഹിക്കും. യോഗം ഡയറക്ടർ ബോർഡ് അംഗം കെ.ഡി വിക്രമാദിത്യൻ, ശ്രീനാരായണ ധർമ്മ പ്രകാശിനി യോഗം പ്രസിഡന്റ് സുബീഷ് ചെത്തിപ്പാടത്ത്, വൈദികസംഘം സെക്രട്ടറി ഇ.കെ ലാലപ്പൻ ശാന്തി തുടങ്ങിയവർ സംസാരിക്കും. വൈദികസംഘം പ്രസിഡന്റ് സി.ബി പ്രകാശൻ ശാന്തി, സെക്രട്ടറി ഇ.കെ ലാലപ്പൻ ശാന്തി, ട്രഷറർ പി.സി കണ്ണൻ ശാന്തി, വൈസ് പ്രസിഡന്റ് എ.ബി വിശ്വംഭരൻ ശാന്തി, എക്സിക്യൂട്ടീവ് അംഗം സഞ്ജയൻ ശാന്തി എന്നിവർ പത്ര സമ്മേളനത്തിൽ സംബന്ധിച്ചു.