തൃശൂർ : ചാവക്കാട് പുന്നയിൽ നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പിടികൂടാൻ കഴിയാതെ പൊലീസ് വലയുന്നു. പ്രതികൾക്ക് സഹായം നൽകിയ എതാനും പേർ പൊലീസിന്റെ കസ്റ്റഡിയിലുണ്ടെങ്കിലും പ്രതികളിലേക്ക് എത്താൻ ഇതുവരെ അന്വേഷണ സംഘത്തിനായിട്ടില്ല. പ്രൊഫഷണൽ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കുന്നുണ്ട്. അതേസമയം ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ ബന്ധുക്കൾ തൃപ്തരല്ല. എൻ.ഐ.എ അക്കമുള്ള ഉന്നത എജൻസികളെ കൊണ്ട് അന്വേഷിച്ചാൽ മാത്രമേ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ കഴിയൂവെന്നാണ് ബന്ധുക്കളുടെ അഭിപ്രായം. എന്നാൽ കോൺഗ്രസ് നേതൃത്വം ഇങ്ങനെ ഒരു ആവശ്യം മുന്നോട്ട് വച്ചിട്ടില്ല. അതേസമയം പൊലീസിനും കേസ് തലയിൽ നിന്ന് ഊരിപ്പോയാലും കുഴപ്പമില്ലായെന്ന നിലപാടാണ്. പ്രതികളെ പൊലീസ് പിടിച്ചാലും യഥാർത്ഥ പ്രതികളെയല്ല പിടിച്ചതെന്ന ആക്ഷേപം ഉയരുമെന്നാണ് പൊലീസിന്റെ അഭിപ്രായം. സംഭവത്തിൽ 22 പേരാണ് ഉൾപ്പെട്ടിട്ടുള്ളതെന്നാണ് പൊലീസ് നിഗമനം. ഇതിൽ 14 പേർ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ എസ്.ഡി.പി.ഐ തന്നെയാണെന്ന് പൊലീസ് സ്ഥീരികരിച്ചിട്ടുണ്ട്. ഇതിനിടെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഇന്നലെ നടത്താൻ നിശ്ചയിച്ചിരുന്ന ചാവക്കാട് പൊലീസ് സ്റ്റേഷൻ മാർച്ച് ഇന്നത്തേക്ക് മാറ്റി.