കൊടുങ്ങല്ലൂർ: കോട്ടപ്പുറം വള്ളംകളിയുടെ തിയതി മാറ്റിയില്ലെങ്കിൽ സംഘാടനത്തിൽ നിന്നും കോട്ടപ്പുറം ബോട്ട് ക്‌ളബ് പിന്മാറുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. കോട്ടപ്പുറം വള്ളംകളിക്കായി നേരത്തെ നിശ്ചയിച്ചിരുന്ന സെപ്തം. 14 എന്നത് മാറ്റിയത് ബോട്ട് ക്‌ളബ്ബുമായി ആലോചിച്ചല്ല. ശ്രീനാരായണഗുരു മഹാസമാധി നാളാണെന്നത് മാനിക്കാതെ, സെപ്തം. 21ന് ചാമ്പ്യൻസ് ബോട്ട് ലീഗ് സംഘടിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധമുയർന്നതിന് പിറകെയാണ് സംഘാടക സമിതി രൂപീകരിക്കാനുള്ള ശ്രമം ഉണ്ടായത്. വലിയൊരു വിഭാഗത്തിന്റെ വിശ്വാസ പ്രമാണങ്ങളെ മാനിക്കാതെ മഹാസമാധി ദിനത്തിൽ വള്ളംകളി നിശ്ചയിക്കുന്നതിൽ ബോട്ട് ക്‌ളബ്ബിനുള്ള വിയോജിപ്പ് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരെ അന്നേ ബോദ്ധ്യപ്പെടുത്തിയതാണ്.

ഇതേ നിലപാടാണ് യോഗത്തിൽ സംബന്ധിച്ച എം.എൽ.എ അടക്കമുള്ളവരും സ്വീകരിച്ചത്. ഇതിന് പിറകെ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളും മഹാസമാധി ദിനത്തിലെ വള്ളംകളി നീക്കത്തിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. എന്നിട്ടും സെപ്തംബർ 21ന് ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്താനുള്ള നീക്കത്തോട് ബോട്ട് ക്‌ളബ്ബിന് യോജിക്കാനാകില്ല. മഹാസമാധി ദിനത്തിൽ ബോട്ട് ലീഗ് നടത്താനുള്ള തീരുമാനവുമായി ബന്ധപ്പെട്ടവർ മുന്നോട്ട് പോയാൽ ആ വള്ളംകളിയുമായി തങ്ങൾ സഹകരിക്കില്ലെന്നും കോട്ടപ്പുറം ബോട്ട് ക്ലബ്ബ് ഭാരവാഹികൾ വ്യക്തമാക്കി. ഈ വിഷയത്തിൽ പുതിയ വിവാദങ്ങളും, പ്രതിഷേധവും ബോട്ട് ക്‌ളബ്ബിനെതിരെ കൂടി ഉയരുന്നുണ്ടെന്നത് ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കുന്നതെന്നും ബോട്ട് ക്ലബ്ബ് ഭാരവാഹികൾ കൂട്ടിച്ചേർത്തു. മുൻ നഗരസഭാ ചെയർമാൻ കൂടിയായ ബോട്ട് ക്‌ളബ് പ്രസിഡന്റ് സി.സി. വിപിൻചന്ദ്രൻ, സെക്രട്ടറി പി.എ ജോൺസൺ, ട്രഷറർ വിൻസന്റ് എം. അറക്കൽ, യു.ടി പ്രേംനാഥ്, ബോട്ട് ക്ലബ്ബ് രക്ഷാധികാരി സി.കെ ശശി എന്നിവർ പത്ര സമ്മേളനത്തിൽ സംബന്ധിച്ചു.