gvr-naya-kadichu
നായയുടെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ്നാട് സ്വദേശിനി സേവ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നടയിൽ തെരുവ് നായയുടെ അക്രമണത്തിൽ വയോധികയ്ക്ക് കണ്ണിന് പരിക്കേറ്റു. കിഴക്കെനടയിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന തമിഴ്നാട് വാളാർ സ്വദേശിനി സേവയെയാണ് (70) നായ കടിച്ചത്. കൈയിൽ കടിച്ചശേഷം വലതു കണ്ണിന്റെ അടിഭാഗവും നായ കടിച്ചെടുത്തു. ആഴത്തിൽ മുറിവേറ്റ വയോധികയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ എട്ടരയോടെ കിഴക്കേനട സത്രം ഗേറ്റിനടുത്തു വച്ചായിരുന്നു സംഭവം.

റോഡരിൽ ഇരുന്നിരുന്ന വയോധികയുടെ അടുത്തേക്ക് നായ ഓടിവന്നപ്പോൾ ഓടിക്കാൻ ശ്രമിച്ചപ്പോൾ കൈയിൽ കടിക്കുകയായിരുന്നു. നായയുടെ കടിയേറ്റ വേളയിൽ പിന്മാറാൻ ശ്രമിക്കുമ്പോൾ നായ വീണ്ടും ആക്രമിച്ചു. നായയുടെ കടിയേറ്റ് ചോര വാർന്ന് തളർന്നുവീണ വയോധികയെ നഗരസഭാ കൗൺസിലർ പ്രസാദ് പൊന്നരാശ്ശേരിയും സമീപത്തെ കടക്കാരും ഓടിയെത്തിയാണ് എഴുന്നേൽപ്പിച്ചത്. ഗുരുവായൂർ ആക്ട്സിന്റെ ആംബുലൻസിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മുറിവ് ആഴമുള്ളതായതിനാൽ പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കൾ ആശുപത്രിയിലെത്തി..