സമരം എം.എൽ.എ ഓഫീസിലേക്ക് മാറ്റി
രാത്രിയിലും ഉപരോധം
തൃശൂർ : മലയോര പട്ടയം വിതരണം ചെയ്യാത്തതിനെതിരെ മലയോര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ കുത്തിയിരിക്കാൻ ആസൂത്രണം ചെയ്ത സമരം പൊലീസ് പൊളിച്ചപ്പോൾ, പൊലീസിനെ കബളിപ്പിച്ച് സമരക്കാർ എം.എൽ.എയുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു. എം.എൽ.എ സ്ഥലത്തില്ലാത്തതിനാൽ, വിഷയത്തിൽ ഉറപ്പ് ലഭിക്കാതെ മടങ്ങില്ലെന്ന് സമരക്കാർ പ്രഖ്യാപിച്ചതോടെ പൊലീസ് വലഞ്ഞു. രാത്രി വൈകിയും മണ്ണുത്തിയിൽ ദേശീയപാതയ്ക്ക് സമീപമുള്ള ഓഫീസിന് മുന്നിൽ നൂറോളം വരുന്ന സമരക്കാർ കുത്തിയിരുന്നു. രണ്ട് മാസം മുമ്പ് അന്നത്തെ കളക്ടർ ടി.വി അനുപമ ഒന്നര മാസത്തിനകം പട്ടയകാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അറിയിച്ചിരുന്നു. ഇതുവരെയും തീരുമാനമെടുക്കാത്ത സാഹചര്യത്തിലായിരുന്നു കളക്ടറേറ്റ് മാർച്ച് പ്രഖ്യാപനം. പട്ടയം ലഭിക്കുവോളം കളക്ടറേറ്റിൽ കുത്തിയിരിക്കുമെന്നായിരുന്നു സമരക്കാരുടെ പ്രഖ്യാപനം. പ്രഖ്യാപനമനുസരിച്ച് അതിരാവിലെ തന്നെ പൊലീസ് കളക്ടറേറ്റിന് കനത്ത സുരക്ഷയൊരുക്കി, വരുന്നവരെയെല്ലാം കർശന പരിശോധനയ്ക്ക് വിധേയമാക്കി. ഇതോടെ സമരക്കാരുടെ ഈ തീരുമാനം പൊളിഞ്ഞു. ട്രാവലറുകളിലും മറ്റുമായി വന്നിരുന്നവരെയും പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കി. പിന്നീട് പതിനൊന്നരയോടെയാണ് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. പട്ടയം നൽകുമെന്ന് പറഞ്ഞ് സമരക്കാരെ സർക്കാർ കബളിപ്പിക്കുകയാണെന്ന് സമരസമിതി കൺവീനർ ജോബി കൈപ്പങ്ങൽ ആരോപിച്ചു. പ്രതിഷേധമറിയിച്ച ശേഷം സമരക്കാർ ഒല്ലൂരിൽ എം.എൽ.എയുടെ ഓഫീസിലേക്ക് തിരിച്ചു. എം.എൽ.എ ഓഫീസിന് മുന്നിലേക്ക് സമരം മാറ്റിയതോടെ പൊലീസും ചുറ്റി. ഇതിനിടയിൽ ഒല്ലൂർ പൊലീസിനെ വിവരമറിയിച്ച് സ്ഥലത്തേക്ക് വിട്ടു. ഉച്ചവരെ ഓഫീസിലുണ്ടായിരുന്ന എം.എൽ.എ സമരക്കാർ എത്തും മുമ്പ് പോയി. ഇതോടെ സമരക്കാർ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു. മറ്റ് സംഘർഷമുണ്ടാക്കാതെ സമരക്കാർക്ക് കാവലായി പൊലീസും നിന്നു. രാത്രി വൈകിയും സമരം തുടർന്നു.