തൃശൂർ : 1977 ലെ നിയമനുസരിച്ച് അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും വനഭൂമി പട്ടയം നൽകുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. പട്ടയ സമര സമിതി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ജില്ലാ കളക്ടർ ഇക്കാര്യം പറഞ്ഞത്. മറ്റുളള പ്രശ്‌നങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വനഭൂമി പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട പ്രത്യേക മന്ത്രിതല ഉദ്യോഗസ്ഥ യോഗം ആഗസ്റ്റ് എട്ടിന് വിളിച്ചു ചേർത്തിട്ടുണ്ട്. സമരസമിതിക്കാർ ഉന്നയിച്ച വിഷയം കൂടി യോഗം പരിശോധിക്കും. പട്ടയവിതരണ മേള ഡിസംബറോടെ സംഘടിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ കളക്ടർ എസ്. ഷാനവാസ് പറഞ്ഞു.