തൃശൂർ: ഡി.സി.സി. പ്രസിഡന്റിനെ നിയോഗിക്കാതെയും പകരം ചുമതല നൽകാതെയുമുള്ള നീക്കത്തിനെതിരെ കോൺഗ്രസിൽ ഗ്രൂപ്പുകളുടെ മുറുമുറുപ്പ് മുറുകുന്നതിനിടെ, 84 പേരടങ്ങുന്ന ജംബോ കമ്മിറ്റി വഴിപാടാകുന്നുവെന്ന് ആക്ഷേപം. ഭാരവാഹിത്വം കിട്ടിയാൽ ഡി.സി.സിയിലേക്ക് തിരിഞ്ഞുനോക്കാത്തവർക്കെതിരെ മുതിർന്ന നേതാക്കളും രംഗത്തുണ്ട്. പരസ്യപ്രതികരണം ഉണ്ടായിട്ടില്ലെങ്കിലും അർഹതപ്പെട്ടവരെ ഭാരവാഹിത്വത്തിൽ ഉൾപ്പെടുത്താത്തതിൽ അമർഷവുമുണ്ട്. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകാതെ സ്ഥാനങ്ങളിൽ അഭിരമിക്കുന്നവരെ നീക്കം ചെയ്യണമെന്ന ആവശ്യം ഉയർന്നു.
അതേസമയം, പൊളിറ്റിക്കൽ അഫയേഴ്‌സ് കമ്മിറ്റി ചേരാനാവാത്തതാണ് ഡി.സി.സി പ്രസിഡന്റ് തീരുമാനം നീണ്ടുപോകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, പാലക്കാട്, എറണാകുളം അടക്കമുളള മറ്റ് ജില്ലകളിൽ ഡി.സി.സി പ്രസിഡന്റുമാരെ മാറ്റുന്ന പശ്ചാത്തലത്തിൽ, എ, ഐ ഗ്രൂപ്പ് വീതം വയ്പ് സംബന്ധിച്ച ചർച്ചകൾ നീണ്ടുപോകുന്നതാണ് പ്രശ്‌നമെന്ന് അറിയുന്നു. രണ്ട് ഗ്രൂപ്പുകൾക്കും ഏഴ് വീതം ഡി.സി.സി പ്രസിഡന്റ് സ്ഥാനം നൽകാനാണ് ധാരണ.
അതിനിടെ, ചാവക്കാട്ട് കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഫേസ് ബുക് പോസ്റ്റ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി. കൊലപാതകം സംബന്ധിച്ച് തൃശൂർ ഡി.സി.സിയുടെ ചുമതലവഹിക്കുന്ന ജോസ് വള്ളൂരിനോട് കാര്യങ്ങൾ ചോദിച്ചിരുന്നു എന്ന പരാമർശമാണ് നേതാക്കളെയും പ്രവർത്തകരെയും അങ്കലാപ്പിലാക്കിയത്. നൗഷാദിന്റെ കൊലപാതകത്തിനു പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന് മുല്ലപ്പളളിയും ടി.എൻ. പ്രതാപൻ എം.പിയും ആദ്യം പറഞ്ഞിരുന്നില്ല. ഇതിൽ പ്രതിഷേധം ശക്തമായപ്പോഴാണ് കൊലപാതകത്തിന് പിന്നിൽ എസ്.ഡി.പി.ഐ. ആണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പോസ്റ്റിട്ടത്. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്നു കാട്ടി ടി.എൻ. പ്രതാപൻ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾക്ക് കത്ത് നൽകിയിരുന്നു. ഡി.സി.സി. പ്രസിഡന്റിന്റെ ചുമതല പ്രതാപൻ തത്കാലം വഹിക്കണമെന്നായിരുന്നു കെ.പി.സി.സി നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ അതും അദ്ദേഹം അംഗീകരിച്ചിരുന്നില്ല.

'' പൊളിറ്റിക്കൽ അഫയേഴ്‌സ് കമ്മിറ്റി ഉടനെ ചേർന്ന് ഡി.സി.സി. പ്രസിഡന്റുമാരെ തീരുമാനിക്കും. എല്ലാ നേതാക്കൾക്കും ഒന്നിച്ചുചേരാൻ അസൗകര്യങ്ങൾ കാരണം കഴിയാതിരുന്നതിനാലാണ് തീരുമാനം നീണ്ടുപോയത്. ''

ബെന്നി ബഹ്നാൻ (യു.ഡി.എഫ് കൺവീനർ)

'' വൈസ് പ്രസിഡന്റുമാർ ചേർന്ന് ജില്ലയിലെ പ്രവർത്തനം ഭംഗിയായി നടത്തുന്നുണ്ട്. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ യാതൊരു വീഴ്ചകളുമുണ്ടായിട്ടില്ല. പുതിയ നേതൃത്വം ഉണ്ടാകണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. ''

ടി.എൻ പ്രതാപൻ എം.പി