തൃശൂർ: കാബിനറ്റ് റാങ്കിൽ എ. സമ്പത്തിനെ ഡൽഹിയിലെ സംസ്ഥാന പ്രതിനിധിയായി നിയമിച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹത്തിനു കീഴിൽ കേരളത്തിലെ എം.പിമാർ പ്രവർത്തിക്കില്ലെന്നും യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി പറഞ്ഞു. ഇതുവരെ കേരളത്തിന്റെ കാര്യങ്ങൾ കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്താൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ലെന്നാണ് പുതിയ കാബിനറ്റ് നിയമനത്തിലൂടെ വെളിപ്പെടുന്നത്. ബഡ്ജറ്റിൽ സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളുടെ പകർപ്പ് പോലും എം.പിമാർക്ക് നൽകിയിട്ടില്ല. ജനങ്ങൾ തിരഞ്ഞെടുത്ത എം.പിമാരെ ഒഴിവാക്കി ഇത്തരത്തിലൊരു നിയമനം നടത്തി മുഖ്യമന്ത്രി തിരഞ്ഞെടുപ്പു വിധിയെ അട്ടിമറിക്കുകയാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞു ഇത്രകാലമായിട്ടും എം.പിമാരുടെ യോഗം വിളിക്കാത്ത മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്നും അദ്ദേഹം സർ സി.പി ചമയുകയാണെന്നും ബെന്നി ബഹനാൻ ആരോപിച്ചു.
കുറ്റവിചാരണ യാത്ര
സംസ്ഥാന ഭരണത്തിലെ കൊടുകാര്യസ്ഥതകളെല്ലാം എണ്ണിപ്പറഞ്ഞ് എല്ലാ ജില്ലകളിലും ഈ മാസം 19 മുതൽ 22 വരെ യു.ഡി.എഫ് കുറ്റവിചാരണ യാത്ര നടത്തുമെന്ന് ബെന്നി ബഹനാൻ പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനം 18ന് ചാലക്കുടിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. ടി.എൻ. പ്രതാപൻ എം.പി, ജോസഫ് ചാലിശേരി, ഒ. അബ്ദുറഹ്മാൻകുട്ടി, യു.ഡി.എഫ് നേതാക്കളായ തോമസ് ഉണ്ണിയാടൻ, കെ.എസ്. ഹംസ, കെ.ആർ. ഗിരിജൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.