yogam-bahishkaranam
പഞ്ചായത്ത് യോഗം വിളിച്ചില്ലെന്നും ഫ്രണ്ടോഫീസ് ഉദ്ഘാടനം ഏകപക്ഷീയമായി പ്രഖ്യാപിച്ചെന്നും ആരോപിച്ച് കയ്പ്പമംഗലം പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് യോഗം ബഹിഷ്‌കരിച്ച് ഇറങ്ങി പോന്നു പഞ്ചായത്തിന് മുമ്പിൽ മുദ്രവാക്യം വിളിക്കുന്നു

കയ്പ്പമംഗലം: ജൂലായ് മാസത്തിൽ പഞ്ചായത്ത് യോഗം വിളിച്ചില്ലെന്നും, ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഏകപക്ഷീയമായി പ്രഖ്യാപിച്ചെന്നും ആരോപിച്ച് കയ്പ്പമംഗലം പഞ്ചായത്ത് ഭരണസമിതി യോഗം കോൺഗ്രസ് അംഗങ്ങൾ ബഹിഷ്‌കരിച്ചു.

പഞ്ചായത്ത് ബസ് സ്റ്റാൻഡ് കെട്ടിടം ഒരു വർഷം കഴിഞ്ഞിട്ടും പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തില്ലെന്നും, പഞ്ചായത്ത് കോൺഫറൻസ് ഹാളിന്റെ പണി പൂർത്തീകരിച്ചില്ലെന്നും കോൺഗ്രസ് ആരോപിച്ചു.

പഞ്ചായത്ത് രാജ് നിയമം ലംഘിച്ചതിനെതിരെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകുമെന്ന് കോൺഗ്രസ് അംഗങ്ങൾ അറിയിച്ചു. മെമ്പർമാരായ സുരേഷ് കൊച്ചുവീട്ടിൽ, പി.ടി രാമചന്ദ്രൻ, ദമയന്തി ദാസൻ, ജാൻസി റാഫേൽ, ഷാജിത ഇക്ബാൽ, സി.എസ് സുധീഷ് എന്നിരാണ് യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോന്നത്.

പഞ്ചായത്തിന് പുറത്ത് ഐക്യദാർഢ്യവുമായി കോൺഗ്രസ് നേതാക്കളായ സി.ജെ പോൾസൺ, കെ.വി അബ്ദുൾ മജീദ്, കെ.എ ദിവാകരൻ, വി.കെ ഉല്ലാസ് എന്നിവരുമെത്തി. അതേ സമയം കഴിഞ്ഞ മാസം രണ്ട് അടിയന്തര യോഗവും, ഒരു സാധാരണ യോഗവും ചേർന്നിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് പറഞ്ഞു. ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ലേല നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവരുടെ അനാസ്ഥയാണ് നടപടിക്രമങ്ങൾ വൈകാൻ കാരണമെന്നും, അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ച് പ്രതിപക്ഷം പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് തടസം നിൽക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു.