ചാവക്കാട്: സംസ്ഥാന ജലപാത വികസനത്തിന്റെ ഭാഗമായുള്ള കനോലി കനാൽ നവീകരണ പ്രവർത്തനങ്ങൾ മണത്തലയിലെത്തി. മണത്തല ഭാഗത്തെ കനാൽ തീരങ്ങളിലെ ചാഞ്ഞ് നിൽക്കുന്ന മരങ്ങളും പാഴ്‌ച്ചെടികളും ആണ് വെട്ടിമാറ്റിയത്. കനോലി കനാലിലൂടെ ബോട്ട് സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കനാൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
ചേറ്റുവ മുതൽ വടക്കോട്ട് ചാവക്കാട് വരെ പ്രവൃത്തി നേരത്തെ പൂർത്തിയായിരുന്നു. മരക്കൊമ്പുകൾ വെട്ടി മാറ്റുന്നതിന് പുറമേ കനാലിലെ മാലിന്യവും ഇതോടൊപ്പം നീക്കം ചെയ്യുന്നുണ്ട്. ദേശീയ ജലപാത അതോറിറ്റിക്ക് വേണ്ടി സിയാലാണ് മാലിന്യവും, മരച്ചില്ലകളും നീക്കം ചെയ്തു കനാൽ ശുചീകരണം നടത്തുന്നത്. ജങ്കാറും, മണ്ണ് മാന്തി യന്ത്രങ്ങളും ഉപയോഗിച്ച് തെക്കൻ മേഖലയിൽ നടത്തിയ ശുചീകരണത്തിന് ശേഷം ജൂലൈ ആദ്യ വാരത്തോടെയാണ് സിയാൽ സംഘം ചാവക്കാട്ടെത്തിയത്.
നിരന്തര കൈയേറ്റങ്ങളെ തുടർന്ന് കനാൽ പലയിടത്തും തോടുകളുടെ അവസ്ഥയിലാണ്. തെങ്ങുകൾ വച്ച് പിടിപ്പിച്ചും മറ്റ് ഫലവൃക്ഷങ്ങൾ നട്ടു പലയിടത്തും വ്യാപക കൈയേറ്റമാണ് നടന്നിട്ടുള്ളത്.