അനുമതി ലഭിച്ചവയിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനമേറ്റു വാങ്ങിയ സംരംഭമാതൃകയും

കൊടുങ്ങല്ലൂർ: നഗരസഭയിൽ ചെയർമാൻ കെ.ആർ ജൈത്രന്റെ അദ്ധ്യക്ഷതയിൽ നടത്തിയ അദാലത്തിൽ 26 എണ്ണത്തിൽ തീരുമാനമായി. പരിഗണിച്ച 39 അപേക്ഷകളിൽ നിയമവിരുദ്ധമെന്ന് വിലയിരുത്തിയ അഞ്ച് എണ്ണം മാത്രം തള്ളി. തണ്ണീർത്തട നെൽവയൽ നിയമത്തിന്റെ നൂലാമാലകളും തീരദേശ പരിപാലന നിയമത്തിന്റെ സങ്കീർണ്ണതകളും മൂലം നിർമ്മാണാനുമതി നിഷേധിക്കപ്പെട്ടതാണ് പല അപേക്ഷകളും.

കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കാത്തതും പൂർത്തിയാക്കിയ കെട്ടിടങ്ങൾക്ക് നമ്പറും ഉടമസ്ഥ സർട്ടിഫിക്കറ്റ് നൽകാത്തതും അടക്കമുള്ള പരാതികളിലും പരിഹാരമുണ്ടായി. പി.എം.എ.വൈ ലൈഫ് പദ്ധതിയിലുൾപ്പെട്ട അഞ്ച് സെന്റിൽ താഴെ സ്ഥലമുള്ളതും വാസയോഗ്യമായ വീടില്ലാത്തതുമായ അപേക്ഷകളിലും അനുകൂല തീരുമാനമെടുത്തു. കെട്ടിടത്തിന്റെ പ്ലാനിൽ ഇല്ലാത്തവ നിർമ്മാണ സമയത്ത് കൂട്ടിച്ചേർക്കുന്നത് പലപ്പോഴും നമ്പർ നൽകുന്നതിന് തടസം സൃഷ്ടിക്കാറുണ്ട്. വൈസ് ചെയർമാൻ ഹണി പീതാംബരൻ, തങ്കമണി സുബ്രഹ്മണ്യൻ, മുനിസിപ്പൽ സെക്രട്ടറി ടി.കെ. സുജിത്, എൻജിനിയർ സി.എസ്. പ്രകാശൻ, എം.ബി. ധന്യ, ജയറാണി എന്നിവർ അദാലത്തിൽ പങ്കെടുത്തു.

സന്ദിത്തിന്റേത് വി.ഐ.പി പദ്ധതി

മേത്തല വില്ലേജിൽ പടന്നയിൽ ഫൈബർ ബോട്ട് നിർമ്മാണ യൂണിറ്റിനായി സമർപ്പിക്കപ്പെട്ട അപേക്ഷ ഇതിൽ പ്രധാനപ്പെട്ടതാണ്. യുവ എൻജിനീയർ പെരിങ്ങോട്ടുകര തണ്ടാശ്ശേരി സന്ദിത്തിന്റേതാണ് ഈ അപേക്ഷ. രാജ്യത്തെ മികച്ച യുവ സംരംഭകരിലൊരാളായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തിന്റെ സംരംഭ മാതൃകയെ പ്രധാനമന്ത്രി നരേന്ദ്രമോദി വരെ അഭിനന്ദിച്ചിരുന്നു. കുമരകത്ത് ആദ്യമായി പരീക്ഷണ അടിസ്ഥാനത്തിൽ ഇറക്കിയ ഇദ്ദേഹത്തിന്റെ ബോട്ടുകൾ സാധാരണ ബോട്ടുകൾ പ്രവർത്തിക്കുന്നതിനേക്കാൾ 80 ശതമാനത്തിൽ താഴെ ചെലവിലാണ് പ്രവർത്തിച്ചത്. ജലഗതാഗത രംഗത്തെ ചെലവ് ഗണ്യമായി കുറക്കാനും വിപുലമായ തൊഴിൽ സാദ്ധ്യത തുറക്കുന്നതുമായിരുന്നു ഈ പദ്ധതി. നാല് വർഷമായി ഈ വ്യവസായ സംരംഭത്തിന് കൺസെന്റ് ലഭിക്കാത്തതിനാൽ അനുമതി നിഷേധിച്ചിരിക്കുകയായിരുന്നു.