ചാലക്കുടി: നഗരസഭാ ഭരണസമിതിയിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സി.പി.എം നേതൃത്വം അടിയന്തര ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച നേതാക്കളും സി.പി.എം കൗൺസിലർമാരും പങ്കെടുക്കുന്ന പ്രത്യേക യോഗം പാർട്ടി ഓഫീസിൽ ചേരും. നഗരസഭാ വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിലും മറ്റൊരു സ്വതന്ത്രനായ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ യു.വി. മാർട്ടിനും യോഗത്തിൽ പങ്കെടുക്കും.

പാർട്ടിയിലെ പ്രമുഖ കൗൺസിലർമാരും യോഗത്തിൽ സംബന്ധിക്കും. കാലാവധി കഴിഞ്ഞിട്ടും നിരവധി പദ്ധതികൾ പൂർത്തിയാക്കാതെ കിടക്കുന്നത് എൽ.ഡി.എഫ് ഭരണത്തിന് പേരുദോഷം വരുത്തുന്നുണ്ട്. ഭരണപക്ഷത്തെ ചേരിപ്പോരാണ് ഇതിനു ഇടയാക്കിയതെന്ന് സി.പി.എമ്മിന് നന്നേ ബോദ്ധ്യമുണ്ട്. ഈ സഹചര്യത്തിലാണ് പ്രശ്‌ന പരിഹാരത്തിനുള്ള നീക്കം വേഗത്തിലാക്കിയത്. സി.പി.ഐ നേതാക്കളുമായും സി.പി.എം ഇക്കാര്യം ചർച്ച ചെയ്യും.

പാർട്ടി ജില്ലാ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഏതാനും ദിവസം മുമ്പ് നടന്ന എൽ.ഡി.എഫ് സ്റ്റിയറിംഗ് കമ്മിറ്റിയിൽ നിന്നും സി.പി.ഐ വിട്ടുനിന്നു. അടുത്ത യോഗത്തിൽ അവരെ പങ്കെടുപ്പിക്കാൻ സി.പി.എം നേതൃത്വം ശ്രമം നടത്തുന്നുണ്ട്. സ്വതന്ത്രന്മാരും എൽ.ഡി.എഫ് കൗൺസിലർമാരും തമ്മിൽ നിലനിൽക്കുന്ന പടലപ്പിണക്കത്തിന് ഒത്താശ ചെയ്യുന്ന പ്രതിപക്ഷത്തിന്റെ തന്ത്രം സി.പി.ഐയെ ബോദ്ധ്യപ്പെടുത്തലാണ് സി.പി.എം നേതാക്കളുടെ പ്രധാന ദൗത്യം.