ഒല്ലൂർ: മലയോര മേഖലയിലെ കർഷകർക്ക് പട്ടയം ആവശ്യപ്പെട്ടുള്ള സമരം തുടരുന്നു. വെള്ളിയാഴ്ച രാവിലെ കളക്ടറേറ്റിൽ ആരംഭിച്ച സമരം വൈകീട്ട് കെ. രാജൻ എം.എൽ.എയുടെ ഓഫീസിന് മുന്നിലേക്ക് മാറ്റിയിരുന്നു. സമരക്കാർ എത്തുന്നതിന് അൽപം മുമ്പ് പുറത്തിറങ്ങിയതോടെ അവർക്ക് എം.എൽ.എയെ കാണാനായില്ല. എം.എൽ.എയുമായി സംസാരിച്ചതിന് ശേഷം പിരിഞ്ഞ് പോയാൽ മതി എന്ന തീരുമാനത്തിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറോളം വരുന്ന സമരക്കാർ എം.എൽ.എ ഓഫീസിന് മുമ്പിൽ പായ് വിരിച്ച് കുത്തിയിരിപ്പ് തുടങ്ങിയത്. റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമര മുറകളിലേക്ക് നീങ്ങാനും ആലോചനയുണ്ടായിരുന്നു. എന്നാൽ ശനിയാഴ്ച വൈകീട്ട് വരെയും സമരക്കാർ മറ്റ് നടപടികളിലേക്ക് കടക്കാതെ ശാന്തമായി സമരം തുടരുകയാണ്. നേരത്തെ ജില്ലാ കളക്ടർ കൊടുത്ത ഉറപ്പും എം.എൽ.എ അധികാരത്തിൽ എത്തിയപ്പോൾ നൽകിയ വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടിട്ടും സമരക്കാരോട് സംസാരിക്കാൻ പോലും തയ്യാറാവാത്ത നടപടിയിൽ വ്യാപക പ്രതിഷേധമുണ്ട്. അധികാരത്തിൽ ഇരിക്കുമ്പോൾ ഇത്തരം കാര്യങ്ങളിൽ മൗനം പാലിക്കുകയും അധികാരത്തിന് പുറത്ത് പോയാൽ ഇതേ ആവശ്യം ഉന്നയിച്ച് സമരത്തിന് നേതൃത്വം നൽകുകയും ചെയ്യുന്ന ശൈലിയാണ് കെ. രാജൻ എം.എൽ.എ നടത്തുന്നതെന്ന ആരോപണം ശക്തമാണ്.