ആമ്പല്ലൂർ: പത്ത് കോടി രൂപ ചെലവിട്ട് നടത്തുന്ന ആമ്പല്ലർ കള്ളായി റോഡിന്റെ നവീകരണ പ്രവൃത്തികളുടെ ഭാഗമായി ആമ്പല്ലൂർ കുണ്ടുക്കാവ് ക്ഷേത്രത്തിനടുത്ത് പാലം പുനർനിർമ്മാണം തുടങ്ങി. ഇതിനിടെ ജില്ലാ പഞ്ചായത്ത് അംഗം, ഇ.എ. ഓമനയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ നിർമ്മാണം തടയാൻ ശ്രമിച്ചതായി ആരോപണം.
പ്രവൃത്തി തടയാൻ ശ്രമിക്കുന്നതായി അറിഞ്ഞ് സി.പി.എം പ്രവർത്തകരും പുതുക്കാട് പൊലീസും സ്ഥലത്തെത്തി. എന്നാൽ നിർമ്മാണം തടയാൻ എത്തിയതല്ലെന്നും നിർമ്മാണം പൂർത്തിയാകാൻ എത്ര സമയം എടുക്കുമെന്ന് ഉദ്യോഗസ്ഥരോട് അന്വേഷിക്കാൻ എത്തിയതാണെന്നും ജില്ലാ പഞ്ചായത്ത് അംഗം ഇ.എ. ഓമന അറിയിച്ചു. ഇതേ റൂട്ടിൽ കല്ലൂർ സുറായി പള്ളിക്കടുത്ത് കലുങ്ക് നിർമ്മാണം മാസങ്ങളായി മുടങ്ങി കിടക്കുന്നതിനാലാണ് ഗതാഗതം തിരിച്ചുവിട്ട് നടത്തുന്ന പാലം പണി പൂർത്തിയാക്കാർ എത്ര സമയം എടുക്കുമെന്ന് അന്വേഷിച്ചതെന്നും അവർ വ്യക്തമാക്കി.
രണ്ട് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാകുമെന്ന് ബന്ധപെട്ട എൻജിനിയർ അറിയിച്ചു. പുതുക്കാട് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എസ്.പി. സുധീരന്റെ നേതൃത്വത്തിലാണ് പൊലീസ് എത്തിയത്. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് റോഡിന്റെ നവീകരണം നടത്തുന്നത്.