congress
കെ.സുധാകരൻ.എം.പി സംസാരിക്കുന്നു

ചാവക്കാട്: കോടതി വിധികൾ രാഷ്ട്രീയ കൊലപാതകങ്ങൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതായി കെ. സുധാകരൻ എം.പി പറഞ്ഞു. പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യുക, യഥാർത്ഥ കൊലയാളികളെ പിടികൂടുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ചാവക്കാട് പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശുഹൈബ് വധക്കേസിലെ വിധിയടക്കം ഇതിന് തെളിവാണ്. ആരാണ് കൂടുതൽ അക്രമകാരികളെന്ന കാര്യത്തിൽ എസ്.ഡി.പി.ഐയും, സി.പി.എമ്മും, ആർ.എസ്.എസും മത്സരിക്കുകയാണ്. എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വം ഗൂഢാലോചന നടത്തിയാണ് കണ്ണൂരിലും, ചാവക്കാട്ടും കഴിഞ്ഞ ദിവസം രണ്ടു പേരെ വെട്ടിക്കൊലപ്പെടുത്തിയത്. സംസ്ഥാനത്ത് ക്രമസമാധാന നില താറുമാറായി. പാർട്ടി പ്രവർത്തകർക്ക് കോൺഗ്രസ് പാർട്ടി തന്നെ സംരക്ഷണ കവചമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മണത്തല ബ്ലോക്ക് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് താലൂക്ക് ഓഫീസിനടുത്ത് ബാരിക്കേഡുകൾ നിരത്തി പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് ശാന്തരാക്കി. തുടർന്നാണ് പ്രതിഷേധ യോഗം നടന്നത്. നൂറു കണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ്, മണ്ഡലം പ്രസിഡന്റ് കെ.വി ഷാനവാസ് എന്നിവർ സംസാരിച്ചു.