മാള: കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകാൻ പിണറായി വിജയൻ കരാറെടുത്തിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി മാള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അംഗത്വ വിതരണ പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കമ്മ്യൂണിസ്റ്റുകാർക്ക് വല്ലാത്ത നെഗളിപ്പായിരുന്നുവെന്നും അത് തിരഞ്ഞെടുപ്പോടെ ഇല്ലാതായെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ചില മാദ്ധ്യമങ്ങളുടെ തെറ്റായ പ്രചരണങ്ങളിൽ കേരളത്തിലെ ജനങ്ങൾ വിശ്വസിച്ചു. രാജ്യത്ത് വഞ്ചിക്കപ്പെട്ട ജനങ്ങൾ കേരളത്തിലാണ്. കുടുംബങ്ങളിൽ ക്ഷേമം അന്വേഷിച്ച് പോകുന്ന കോടിയേരി ബാലകൃഷ്ണനോട് തിരിച്ച് കുടുംബകാര്യം ചോദിച്ച് ജനങ്ങൾ ആട്ടുകയാണെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എം അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, നിയോജകമണ്ഡലം പ്രസിഡന്റ് എം.ജി പ്രശാന്ത്‌ലാൽ, സി.എം. സദാശിവൻ, ജോസഫ് പടമാടൻ, കെ.കെ രാമു തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി മാള ടൗണിൽ പ്രകടനം നടത്തി.