കൊടുങ്ങല്ലൂർ: അഴീക്കോട്- മുനമ്പം പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രത്യാഘാത പഠനം വിലയിരുത്തൽ റിപ്പോർട്ടിന് വേണ്ടിയുള്ള ഹിയറിംഗ് നടന്നു. പാലം വരുന്നതിന്റെ ഭാഗമായി വീടും സ്ഥലവും നഷ്ടമാവുന്ന മുഴുവൻ പേരും ഹിയറിംഗിൽ പങ്കെടുത്തു. വീടുകൾ ഭാഗികമായി നഷ്ടപ്പെടുന്നവരെ പൂർണ്ണമായി ഏറ്റെടുക്കണമെന്നും തങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകി എത്രയും വേഗം പാലം യാഥാർത്ഥ്യമാക്കണമെന്നുമുള്ള നിലപാടിലായിരുന്നു നാട്ടുകാർ. രാജഗിരി കോളേജിന്റെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ആഘാതപഠനം പൂർത്തിയായതിന്റെ അടിസ്ഥാനത്തിൽ സ്ഥലവും വീടും നഷ്ടപ്പെടുന്നവരെ പങ്കെടുപ്പിച്ചായിരുന്നു ഹിയറിംഗ്. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ഹിയറിംഗിൽ പ്രോജക്ട് ഡയറക്ടർ മീനാ കുരുവിള, പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ, വാർഡ് മെമ്പർ പ്രസീന റാഫി തുടങ്ങിയവർ സംബന്ധിച്ചു..