തൃശൂർ: സംസ്ഥാനത്തെ ജയിലുകളിൽ നിന്ന് ആദ്യമായി ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനയ്ക്ക് ഓൺലൈൻ വിപണി കണ്ടെത്തിയ വിയ്യൂർ സെൻട്രൽ ജയിൽ പരമാവധി വിഭവങ്ങൾ ഓൺലൈൻ വഴിയാക്കുന്നു. കോംബോ പ്രാതൽ, കോംബോ ബ്രൗണീസ്, ചപ്പാത്തി കോംബോ, ചിക്കൻ ബിരിയാണി കോംബോ എന്നീ വിഭവങ്ങളാണ് പുറത്തിറക്കുന്നത്. ഒരു ചിക്കൻ ബിരിയാണി, മൂന്ന് ചപ്പാത്തി, കോഴിക്കറി, ഒരു ബോട്ടിൽ മിനറൽ വാട്ടർ, ഒരു കപ്‌കേക്ക് എന്നിവ ഉൾപ്പെടെ 127 രൂപയുടെ കോംബോ ലഞ്ച് സ്വിഗി വഴിയായിരുന്നു ആദ്യം പുറത്തേക്കെത്തിയത്. പുതിയ വിഭവങ്ങളുടെ ഓൺലൈൻ വിതരണ പ്‌ളാറ്റ്‌ഫോം ഊബർ ഈറ്റ്‌സും സൊമാറ്റോയുമാണ്. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെ ജയിലിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ ഇനി ഓൺലൈൻ വഴി ഫ്രീഡം ഫുഡ് ഫാക്ടറിയിൽ നിന്ന് ഉപഭോക്താക്കൾക്ക് ലഭിക്കും. വൈകാതെ മുഴുവൻ വിഭവങ്ങളും ഓൺലൈൻ വഴിയാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
കോംബോ പ്രാതൽ: അഞ്ച് ഇഡ്ഡലി, സാമ്പാർ, ചട്ട്ണി, അഞ്ച് ചപ്പാത്തി, വെജ്ജ്/എഗ് കറി, ഒരു പ്‌ളം കേക്ക് പീസ്
വില : 82 രൂപ
വിതരണ സമയം: രാവിലെ 8 മുതൽ 10 വരെ.
വിതരണക്കാർ: ഊബർ ഈറ്റ്‌സ്
കോംബോ ബ്രൗണീസ്: 350 ഗ്രാം പ്‌ളം കേക്ക്, 4 കപ് കേക്ക്, ഒരു പാക്കറ്റ് സ്‌ളൈസ്ഡ് ബ്രഡ്
വില: 157 രൂപ
വിതരണ സമയം: രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
വിതരണക്കാർ: ഊബർ ഈറ്റ്‌സ്
ചപ്പാത്തി കോംബോ: അഞ്ച് ചപ്പാത്തി, ചില്ലി ചിക്കൻ, പ്‌ളം കേക്ക് പീസ്
വില: 88 രൂപ
സമയം: ഉച്ചയ്ക്ക് 12 മുതൽ 2 വരെ
വിതരണക്കാർ: സൊമാറ്റോ
ചിക്കൻ ബിരിയാണി കോംബോ: ചിക്കൻ ബിരിയാണി, കപ് കേക്ക്
വില: 88 രൂപ
വിതരണ സമയം: ഉച്ചയ്ക്ക് 12 മുതൽ 2 വരെ
വിതരണക്കാർ: സൊമാറ്റോ
ജയിൽകവാടത്തിലെ വിൽപ്പന കൗണ്ടറിലൂടെ ഇപ്പോൾ പ്രതിദിനം ഒന്നരലക്ഷം രൂപയുടെ വിറ്റുവരവ് ലഭിക്കുന്നുണ്ട്. ഇതിനു പുറമെ മൊബൈൽ സെയിൽസ് വാൻ വഴിയും വിൽപ്പനയുണ്ട്. ആവശ്യാനുസരണം ഉത്പാദനം വർദ്ധിപ്പിച്ചു തുടങ്ങി
നിർമ്മലാനന്ദൻ, (വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്)