കൊടുങ്ങല്ലൂർ: മഹാസമാധി നാളിൽ കോട്ടപ്പുറത്ത് വള്ളം കളി നടത്താനുള്ള ൂറിസം വകുപ്പിന്റെ നീക്കവുമായി സഹകരിക്കില്ലെന്ന കോട്ടപ്പുറം ബോട്ട് ക്ലബ്ബിന്റെ തീരുമാനത്തെ എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ സ്വാഗതം ചെയ്തു. കോട്ടപ്പുറം ബോട്ട് ക്ലബ്ബിന്റെ ഈ പിൻമാറ്റം ശ്രീനാരായണ സമൂഹത്തോടുള്ള ഐക്യദാർഢ്യമാണ് വിളിച്ചറിയിക്കുന്നത്. സർക്കാറും ടൂറിസം സാംസ്‌കാരികവകപ്പും ഇനിയെങ്കിലും, മഹാസമാധി ദിനത്തെ അവഗണിച്ചുള്ള വള്ളംകളിയിൽ നിന്നും പിന്മാറി വസ്തുതകൾ പഠിക്കണമെന്ന് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. രവീന്ദ്രൻ, യോഗം കൗൺസിലർ ബേബിറാം തുടങ്ങിയവർ പ്രസംഗിച്ചു. കോട്ടപ്പുറം ബോട്ട് ക്‌ളബ്ബിന്റെ തീരുമാനത്തെ ബി.ഡി.ജെ.എസ്. കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സ്വാഗതം ചെയ്തു. കോട്ടപ്പുറം ബോട്ട് ക്‌ളബ്ബിന് മുന്നിൽ ബി.ഡി.ജെ.എസ് നടത്തുവാൻ തീരുമാനിച്ച പ്രതഷേധ പരിപാടി, വേണ്ടെന്ന് വെച്ചതായും കമ്മിറ്റി അറിയിച്ചു. ഇനിയും തിയതിയിൽ മാറ്റം വരുത്താതെ വള്ളംകളിയുമായി മുന്നോട്ട് പോകാനാണ് സാംസ്‌കാരിക ടൂറിസം വകുപ്പിന്റെ തീരുമാനമെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് ബി.ഡി.ജെ.എസ് നേതൃത്വം നൽകുമെന്നും മണ്ഡലം സെക്രട്ടറി കെ.ഡി. വിക്രമാദിത്യൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.