തൃശൂർ: ചാവക്കാട് പുന്നയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയും എസ്.ഡി.പി.ഐ പ്രവർത്തകനുമായ ചാവക്കാട് നാലാംകല്ല് കരിവളപ്പിൽ മുബീൻ (26) അറസ്റ്റിൽ. വധശ്രമം ഉൾപ്പെടെ നാലു കേസുകളിൽ പ്രതിയായ മുബീൻ ചാവക്കാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ്. കൊലപാതകത്തിൽ നേരിട്ട് മുബീൻ പങ്കെടുത്തെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൂന്നുപേർ കൂടി പൊലീസിന്റെ വലയിലുണ്ട്.

കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട മുബീനെ തന്ത്രപൂർവമായാണ് പൊലീസ് കുടുക്കിയത്. എസ്.ഡി.പി.ഐ പ്രവർത്തകരെ ആക്രമിച്ചതിലുള്ള വൈരാഗ്യവും ചാവക്കാട് മേഖലയിൽ പാർട്ടിയുടെ വളർച്ചയ്ക്ക് എതിരാളിയുമായതിനാലാണ് നൗഷാദിനെ കൊലപ്പെടുത്തിയതെന്നാണ് മുബീന്റെ മൊഴി. നൗഷാദ് കൊലക്കേസിൽ തദ്ദേശവാസികളും പുറത്തു നിന്നുള്ളവരും ഉൾപ്പെടെ എട്ടോളം പേർക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. എസ്.ഡി.പി.ഐ പ്രവർത്തകനായ നജീബിനെയും കുട്ടിയെയും പുന്ന സെന്ററിൽ വച്ച് നൗഷാദിന്റെ നേതൃത്വത്തിൽ ആക്രമിച്ചിരുന്നു. മുബീന്റെ കൂട്ടുകാരനാണ് നജീബ്. ഇതിനുശേഷമാണ് നൗഷാദിനെ കൊലപ്പെടുത്താനുള്ള തീരുമാനമെടുത്തത്. കൊല നടത്തുന്നതിന് 20 ദിവസം മുമ്പ് ഗൂഢാലോചന നടത്തി.അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിടുന്നില്ല.