pinarayi-vijayan

തൃശൂർ: നിയമത്തിനും നീതിക്കും മുന്നിൽ എല്ലാവരും സമന്മാരാണെന്നും എത്ര ഉന്നതനായാലും തെറ്റു ചെയ്താൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതർക്ക് നിയമത്തിന്റെ കണ്ണിൽ പ്രത്യേക പരിഗണനയില്ല. സ്ഥാനമോ പദവിയോ നടപടികൾക്ക് തടസമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ വനിതാ ബറ്റാലിയൻ രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.

ലോക്കപ്പ് മർദ്ദനവും മൂന്നാം മുറയും ഒരു കാരണവശാലും വച്ച് പൊറുപ്പിക്കില്ല. കുറ്റം തെളിയിക്കാനും വ്യക്തിവിരോധം തീർക്കാനും മൂന്നാംമുറ സ്വീകരിക്കുന്നവർക്ക് പൊലീസിൽ സ്ഥാനമുണ്ടാകില്ല. അടുത്തിടെ നടന്ന ഇത്തരം സംഭവങ്ങളിൽ അന്വേഷണം നല്ല രീതിയിൽ നടന്നു വരികയാണ്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും. ലോക്കപ്പിൽ മനുഷ്യത്വ വിരുദ്ധമായ യാതൊന്നും അനുവദിക്കില്ല. ചിലരുടെ പ്രവർത്തനം മൂലം പൊലീസ് സേനയുടെ നേട്ടങ്ങൾ കുറച്ചു കാണുന്ന സ്ഥിതിയുണ്ട്. വിവിധ മേഖലകളിൽ വനിതകൾക്ക് തുല്യത ഉറപ്പുവരുത്തുകയെന്നതാണ് സർക്കാർ നിലപാട്. സ്ത്രീകളുടെ സാമൂഹിക പദവി ഉയർത്തുന്നതിലൂടെ സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യമിടുന്നത്. കേരളാ പൊലീസ് വനിതാ പ്രാതിനിദ്ധ്യം വർദ്ധിപ്പിക്കാൻ തീരുമാനിച്ചത് ഇതിന്റെ ഭാഗമായാണ്. ഈ നടപടികൾ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി ആംഡ് പൊലീസ് ബറ്റാലിയൻ ടോമിൻ ജെ.തച്ചങ്കരി, ഡി.ഐ.ജി ട്രെയിനിംഗ് അനൂപ് കുരുവിള ജോൺ തുടങ്ങിയവർ പങ്കെടുത്തു. പൊലീസ് സൂപ്രണ്ട് റെജി ജേക്കബ് എന്നിവർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.