agri
പഴുന്നാനയിലെ നെൽപ്പാടം

തൃശൂർ: മഴയുടെ ഏറ്റക്കുറച്ചിലും കാറ്റും ഇടയ്ക്കുണ്ടായ കനത്ത വെയിലും ഓണത്തിനുളള പച്ചക്കറി, നേന്ത്രവാഴ കൃഷിയെ തകിടം മറിച്ചു. കഴിഞ്ഞ വർഷം ഓണത്തിന് നടപ്പാക്കിയ 'മുറ്റത്തൊരു മുറം പച്ചക്കറി'യുടെ തുടർച്ചയായുളള 'പുനർജനി'യുടെ ഭാഗമായി വെണ്ട, വഴുതന, മുളക്, പാവയ്ക്ക, മത്തൻ, കുമ്പളം, പടവലം, ചീര, പയറുകൾ തുടങ്ങിയ ഗുണനിലവാരമുള്ള വിത്ത് പായ്ക്കറ്റുകൾ എന്നിവ കൃഷി ഓഫീസുകൾ മുഖാന്തിരം കർഷകർ, വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർക്ക് വിതരണം ചെയ്തിരുന്നു. കാലവർഷം തകിടം മറിഞ്ഞതോടെ പച്ചക്കറിക്കൃഷിയിൽ വിളവ് കുറഞ്ഞു. വാടിയും ചീഞ്ഞും കൃഷിനശിക്കാനും ഇടയായി. ജില്ലയിൽ അമ്പതുശതമാനത്തോളം മഴ കുറഞ്ഞിരുന്നു.
പ്രളയാനന്തരം കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാനായിരുന്നു കൃഷി വകുപ്പും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലും കുടുംബശ്രീയും കൈകോർത്ത് പദ്ധതി തുടങ്ങിയത്.

നേന്ത്രക്കുലകൾ സമൃദ്ധി, വിലയിടിഞ്ഞു

മഴ കുറഞ്ഞതിനാൽ ഓണത്തിന് വിളവെടുക്കാൻ വേണ്ടി കൃഷി ചെയ്ത കായകൾ നേരത്തെ മൂപ്പായി. കാറ്റിൽ ഒടിഞ്ഞുവീണ വാഴക്കുലകളും ധാരാളം എത്തി. മഴയുടെ അനിശ്ചിതത്വം മുന്നിൽക്കണ്ട് കൂടുതൽ കർഷകർ നേന്ത്രവാഴ കൃഷി ചെയ്തിരുന്നു. അതുകൊണ്ടു തന്നെ നേന്ത്രക്കായ വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ആഴ്ച കിലോഗ്രാമിന് 55 രൂപ മൊത്തവിലയുണ്ടായിരുന്നത് 35 രൂപയായി. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 50 രൂപ വില കിട്ടിയിരുന്നു. ചില്ലറ വിലയും കുറഞ്ഞ് അമ്പത് രൂപയായി. സംഘങ്ങൾ കമ്മിഷൻ എടുത്തു കഴിഞ്ഞാൽ കർഷകർക്കു ലഭിക്കുന്നത് തുച്ഛവിലമാത്രമാകും. വില ഇനിയും കുറഞ്ഞാൽ കർഷകർക്ക് വൻനഷ്ടം നേരിടും. ഒരു വാഴയിൽ നിന്ന് ശരാശരി 10-12 കിലോഗ്രാം തൂക്കമുള്ള കായ കിട്ടും. എല്ലാ ചെലവും കൂട്ടിയാൽ 300 രൂപ കർഷകന് വരും. ഹോർട്ടി കോർപ് വഴി കായ സംഭരിച്ചാൽ മാത്രമേ രക്ഷിക്കാനാകൂവെന്നാണ് കർഷകർ പറയുന്നത്. വി.എഫ്.പി.സി.കെ യുടെ ചന്തകളിൽ ക്വിന്റൽ കണക്കിന് നേന്ത്രക്കായ വാങ്ങാൻ ആളില്ലാതെ കെട്ടിക്കിടക്കുന്നുണ്ട്.

വാടാതെ കണ്ണന്റെ കതിർക്കറ്റകൾ

കാലവർഷത്തിലെ അപ്രതീക്ഷിതമായ ഏറ്റക്കുറച്ചിലിൽ വിളവിൽ നേരിയ കുറവുണ്ടായെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലംനിറയ്ക്ക് ഒരുക്കിയ നെൽക്കൃഷിയെ കാര്യമായി ബാധിച്ചില്ല. ജലസേചനം നടത്താതെ മഴയെ മാത്രം ആശ്രയിച്ചുളള കൃഷിയാണ് പഴുന്നാന പാടത്ത് ഏഴേക്കറിൽ നടത്തുന്നത്. കർക്കടകത്തിന്റെ തുടക്കത്തിൽ മഴ കിട്ടിയത് ആശ്വാസമായി. കനക നെൽവിത്താണ് ആലാട്ട് കുടുംബം വിളയിച്ചെടുത്തത്. ദേവസ്വത്തിനും ഭക്തർക്കുമായി ആയിരത്തോളം കതിർക്കറ്റകളാണ് നൽകിയത്. മറ്റ് ജില്ലകളിലേക്കും ബാംഗ്‌ളൂരുവിലേക്കും കറ്റകൾ നൽകി. കർഷകൻ ആലാട്ട് വേലപ്പൻ പതിറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിവെച്ച നെൽക്കൃഷി, അദ്ദേഹത്തിന്റെ സഹോദരന്മാരുടെ മക്കളായ കൃഷ്ണൻകുട്ടി, രാജൻ, ചന്ദ്രൻ, ബാബു എന്നിവരാണ് പിൻതുടരുന്നത്.