തൃശൂർ: ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്രത്തെ പരിപോഷിക്കാനായി കേച്ചേരി വിദ്യ എൻജിനിയറിംഗ് കോളേജിൽ സംഘടിപ്പിച്ച 'ശാസ്ത്ര തരംഗ്' പ്രൊജക്ടുകളുടെ അവതരണം കൊണ്ട് ശ്രദ്ധേയമായി. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹകരണത്തോടെ കോളേജിലെ സയൻസ് എവയർനെസ്സ് പ്രോഗ്രാം (സാപ്പ്) ആണ് പരിപാടി സംഘടിപ്പിച്ചത്.

സ്‌കൂൾ വിദ്യാർത്ഥികളുടെ മികച്ച പ്രൊജക്ടുകളുടെ പ്രദർശനവും സയൻസ് ക്വിസും ആണ് ഉൾപ്പെടുത്തിയിരുന്നത്. ജില്ലയിലെ 35 സ്‌കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. മികച്ച പ്രൊജക്ടുകളിൽ ഒന്നാം സ്ഥാനം നേടിയവർക്ക് അയ്യായിരം രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് മൂവ്വായിരം രണ്ടായിരം രൂപ വീതവും സമ്മാനം ലഭിച്ചു. അത്താണി സി മെറ്റ് ഡയറക്ടർ ഡോ.എൻ. രഘു ഉദ്ഘാടനം നിർവഹിച്ചു.

പ്രിൻസിപ്പൽ ഡോ. സിബി സജി, സെന്റ് തോമസ് കോളേജ് ഫിസിക്‌സ് വിഭാഗം പ്രൊഫസർ ഡോ. ടി.വി. വിമൽകുമാർ, വിദ്യ എക്‌സിക്യുട്ടീവ് ഡയറക്ടർ ജി. മോഹനചന്ദ്രൻ, സ്റ്റുഡന്റ് വെൽഫയർ ഡയറക്ടർ ഡോ. പി. ലതാ രാജ്, വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് സയൻസ് എവയർനെസ്സ് പ്രോഗ്രാം(സാപ്പ്) സംസ്ഥാന കോ- ഓർഡിനേറ്റർ കെ.കെ തിലകൻ , സാപ്പ് കൺവീനർ ആർ. അഖില എന്നിവർ പ്രസംഗിച്ചു .