dibeesh-and-manoj

മാള: അന്ന്, ചാലക്കുടിപ്പുഴയിൽ നിന്ന് പ്രളയജലം കയറിവന്ന് സർവതും വിഴുങ്ങിയപ്പോൾ കരപറ്റാൻ ചെത്തിക്കോട്ടു ഗ്രാമത്തിന് ഒരു തോണിയുണ്ടായിരുന്നില്ല. തോരാത്ത മഴയിൽ അഞ്ചു ദിനരാത്രങ്ങൾ അവർ ഭീതിയോടെ ജീവൻ കൈയിൽപ്പിടിച്ച് നനഞ്ഞുനിന്നു. ഇപ്പോൾ, പ്രളയ വാർഷികമടുക്കുമ്പോൾ അന്നത്തെ ദിനങ്ങൾ ആവർത്തിക്കരുതേയെന്ന പ്രാർത്ഥനയ്‌ക്കിടയിലും ചെത്തിക്കോട്ടുകാർക്ക് ഒരു ധൈര്യമുണ്ട്- സ്വന്തമായി രണ്ടു വള്ളങ്ങൾ!

തെങ്ങുകയറ്റ തൊഴിലാളിയായ പുളിക്കൽ ദിബീഷ് പ്രളയകാലമൊഴിഞ്ഞപ്പോൾ ജീവിതം തിരികെപ്പിടിച്ച്

ഒരു പ്രതിജ്ഞയെടുത്തു. രണ്ടു വള്ളം വാങ്ങണം. വെള്ളം ഒരിക്കൽക്കൂടി കയറിവന്നാൽ തോറ്റുകൊടുക്കരുത്. പുഴയും തോടും വയലും അതിരിടുന്നതാണ് ഗ്രാമമെങ്കിലും അന്ന് അർക്കും സ്വന്തമായി തോണിയില്ല. വയൽക്കരയിലായിരുന്നു ദിബീഷിന്റെ വീട്. ഉൾഭാഗം മുഴുവൻ വെള്ളം നിറഞ്ഞു. ചില വീടുകൾ മുഴുവനായും മുങ്ങി.

അയൽവാസിയും ബന്ധവുമായ മനോജിന്റെ ഭാര്യ പൂർണഗർഭിണി. വെള്ളം അല്പം ഇറങ്ങിയപ്പോൾ ഇവരെയും ദിബീഷിന്റെ പ്രായമായ അച്ഛനമ്മമാരെയും രക്ഷപ്പെടുത്താൻ മുറുരയിൽ നിന്ന് രാമേട്ടന്റെ കടത്തുവള്ളം എത്തേണ്ടിവന്നു. ആറു മാസം കഴിഞ്ഞ് ദിബീഷിന്റെ അച്ഛൻ ഭാസ്കരൻ മരിച്ചു.

രണ്ടു വള്ളം വാങ്ങാൻ 41,000 രൂപയായി. കൈയിൽ കുറച്ച് പണമുണ്ടായിരുന്നതും മനോജ് സഹായിച്ചതും പലരിൽ നിന്നായി 15,000 രൂപ കടവുമെല്ലാം വേണ്ടിവന്നു. എങ്കിലും ധൈര്യത്തിന്റെ തുഴ കൈയിലുണ്ടല്ലോ! 25,000 രൂപയ്‌ക്കു വാങ്ങിയ വലിയ വള്ളത്തിൽ 15 പേർക്ക് കയറാം. ചെറുതിൽ നാലു പേർക്ക്. അതിന് 16,000 രൂപ.

വെള്ളം വാർന്നുപോയിട്ടും ആ പ്രളയം വീഴ്‌‌ത്തിയ പാടുകൾ ദിബീഷിന്റെ മനസ്സിൽ നിന്ന് ഒഴിഞ്ഞുപോയിട്ടില്ല. അടുത്ത ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. പക്ഷേ, ചെത്തിക്കോടിന് രണ്ടു വള്ളപ്പാടകലെപ്പോലും പേടിയില്ല.